അടിമുടി അറ്റകുറ്റപ്പണി; ഖജനാവിന് ഇരട്ടിഭാരം: മുണ്ടംവേലിയിലെ ഫ്ലാറ്റുകൾ വാസയോഗ്യമാക്കാൻ ഇനിയും വേണം 14 കോടി രൂപ

അടിമുടി അറ്റകുറ്റപ്പണി; ഖജനാവിന് ഇരട്ടിഭാരം: മുണ്ടംവേലിയിലെ ഫ്ലാറ്റുകൾ വാസയോഗ്യമാക്കാൻ ഇനിയും വേണം 14 കോടി രൂപ
View on original source
Catégorie: Mélange
Partager
Archive
J’aime
കൊച്ചി ∙ പാവപ്പെട്ട 82 കുടുംബങ്ങൾക്ക് കിടപ്പാടമുണ്ടാക്കാൻ 14.62 കോടി രൂപ മുടക്കി നിർമിച്ച മുണ്ടംവേലിയിലെ ഫ്ലാറ്റുകളിൽ താമസിക്കണമെങ്കിൽ ഇനിയും മുടക്കണം 14 കോടി കൂടി. ഫ്ലാറ്റിന്റെ നിർമാണ അപാകതകളും ക്രമക്കേടുകളും പുറത്തു വന്നതിനു പിന്നാലെ സർക്കാർ പ്രഖ്യാപിച്ച വിജിലൻസിന്റെ പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് സംഘം നാളെ മുണ്ടംവേലി ഫ്ലാറ്റ് സന്ദർശിച്ചേക്കും. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2024 ജനുവരിയിലാണ് ഫ്ലാറ്റ് നിർമിച്ച് താമസക്കാർക്ക് കൈമാറിയത്. ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന കാര്യം ചർച്ചയായതോടെ വിഷയത്തിൽ എറണാകുളം ജില്ലാ കലക്ടർ നേരത്തെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ഫ്ലാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുകാരായ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) െസക്രട്ടറിയുടെയും കൊച്ചി കോർപറേഷന്റെയും റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ജില്ലാ കലക്ടർ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 14 കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ഭവനസമുച്ചയത്തിന്റെ സുരക്ഷാ അപാകതകൾ പരിഹരിക്കാൻ 27 കോടിയിലധികം രൂപ വേണ്ടിവരുമെന്നായിരുന്നു ഇത് പരിശോധിച്ച ഐഐടി മദ്രാസ് നൽകിയ റിപ്പോർട്ട്. എന്നാൽ അത് ഉയർന്ന തുകയാണെന്ന് വ്യക്തമാക്കി തുടർ ചർച്ചകൾക്കൊടുവിൽ അത് 14.52 കോടി രൂപയായി ചുരുക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ പാവപ്പെട്ട 82 കുടുംബങ്ങൾ അതീവ ദുരിതം അനുഭവിക്കുന്നതിനൊപ്പം നിർമാണത്തിലെ ക്രമക്കേടുകൾ മൂലം സർക്കാർ ഖജാനാവിന് ഇരട്ടി ഭാരവും കൂടി ഉണ്ടാക്കുന്ന പദ്ധതിയായി ഇത് മാറിയിരിക്കുന്നു. നേരത്തെ ജിസിഡിഎയും നിർമാണം നടത്തിയ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിർമാണം പൂർത്തിയാകുന്നതിനു മുമ്പു തന്നെ ഫ്ലാറ്റുകൾ ചോർന്നൊലിക്കാനും മറ്റും തുടങ്ങിയെങ്കിലും കരാർ കമ്പനി വ്യവസ്ഥകൾ പാലിച്ച് അറ്റകുറ്റപ്പണി നടത്തിയില്ല എന്ന് ജിസിഡിഎ പറയുന്നു. മാത്രമല്ല, ഇവരെ കരാറിൽ നിന്ന് ഒഴിവാക്കാനും നഷ്ടപരിഹാര തുക ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നും ജിസിഡിഎ പറയുന്നുണ്ട്. ഇതിനിടെയാണ്, പ്രത്യേക ഉത്തരവിലൂടെ കരാറുകാരുടെ 'ജാമ്യ നിക്ഷേപം' മടക്കി നൽകാൻ സർക്കാർ നിർദേശിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നത്. ജിസിഡിഎ സെക്രട്ടറിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇക്കാര്യവും കലക്ടർ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടവന്ത്ര പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ (9.03 കോടി), പിഎംഎവൈ (1.23 കോടി), സിഎസ്എംഎൽ (4.5 കോടി) ഫണ്ടുകൾ ഉപയോഗിച്ചാണ് ജിസിഡിഎ വഴി പദ്ധതി നടപ്പാക്കിയത്. തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിർമാണ ചുമതല നൽകുകയും 13.27 കോടിയോളം രൂപ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ 2024 ജനുവരിയിൽ കൈമാറിയ ഫ്ലാറ്റിൽ ആദ്യ മഴയിൽ തന്നെ മേൽക്കൂരയിലൂടെയും ഭിത്തികളിലൂടെയും വെള്ളം ചോർന്നിറങ്ങി. മുകളിലത്തെ നിലകളിലെ ശുചിമുറികളിൽ നിന്നുള്ള മലിനജലം താഴത്തെ മുറികളിലേക്ക് ഒലിച്ചിറങ്ങുക, ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെടുക, പ്ലാസ്റ്റർ അടർന്നുവീഴുക, സ്റ്റീൽ കമ്പികളടക്കം തുരുമ്പെടുക്കുക, ഡ്രെയിനേജ് സംവിധാനം തകരാറിലാവുക തുടങ്ങിയ വലിയ സുരക്ഷാ ഭീഷണികളാണ് നിവാസികൾ നേരിടുന്നത്. അറ്റകുറ്റപ്പണികൾക്കായി 6.68 കോടി രൂപയും റൂഫ് ട്രസ്സ് പ്രവൃത്തികൾക്കായി 7.83 കോടിയും ഉൾപ്പെടെ ആകെ 14.52, കോടി രൂപയും മുടക്കിയെങ്കിലേ മുണ്ടംവേലിയിലെ ഫ്ലാറ്റ് വാസയോഗ്യമാകൂ. ഫ്ലാറ്റ് നിലവിൽ താമസയോഗ്യമല്ലാത്തതിനാൽ താമസക്കാരെ ഫോർട്ട് കൊച്ചി തുരുത്തിയിലെ റീഹാബിലിറ്റേഷൻ കോംപ്ലക്സിലേക്കോ മറ്റ് കേന്ദ്രങ്ങളിലേക്കോ താത്കാലികമായി മാറ്റിപ്പാർപ്പിക്കണമെന്നും മുണ്ടംവേലിയിലെ കെട്ടിടം നവീകരിച്ച് മറ്റ് സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ജില്ലാ കലക്ടറിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. നാളെ നടക്കുന്ന വിജിലൻസ് സന്ദർശനത്തിൽ കെട്ടിടത്തിന്റെ ഗുണനിലവാരവും ഉദ്യോഗസ്ഥ-കരാർ തലങ്ങളിലെ വീഴ്ചകളും വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. അതിനിടെ, മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താവന രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു.

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.