2020 നവംബർ 10 ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുകയായിരുന്നു അന്ന്. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ ഞങ്ങൾക്ക് ന്യായമായ പരാതികളും ആക്ഷേപങ്ങളുമുണ്ടായിരുന്നു. പല മണ്ഡലങ്ങളിലും ഞങ്ങളുടെ സഖ്യവും വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ട മുന്നണിയും തമ്മിലെ വ്യത്യാസം ഏറെ കുറവായിരുന്നു. അന്ന് ഉച്ചയ്ക്ക് കുറഞ്ഞത് നാലു തവണയെങ്കിലും ഞങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ ഓഫീസിനെ സമീപിച്ചു. വാർത്താസമ്മേളനം വിളിച്ച് തെളിവുകളും ആശങ്കകളും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. ഒടുവിൽ ഞങ്ങൾ ജനവിധിയെ പൂർണമായി അംഗീകരിച്ചു. ഞങ്ങളുടെ എല്ലാ എതിർപ്പുകളും ഇല്ലാതായി എന്നല്ല ഇതിനർഥം; മറിച്ച് തെരഞ്ഞെടുപ്പുനടത്തുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതി.
ഒരു രാഷ്ട്രീയപാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തോറ്റാലും വീണ്ടും ജനങ്ങളിലേക്ക് മടങ്ങിയെത്താം. എന്നാൽ തെരഞ്ഞെടുപ്പുനടത്തുന്ന സ്ഥാപനത്തിന് ജനങ്ങൾക്കുമുന്നിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാൽ, അത് പരിഹരിക്കുക ഒട്ടും എളുപ്പമല്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാനാണ് ഈ സ്ഥാപനം രൂപവത്കരിച്ചതെന്നും ഭരണഘടനാനിർമാണസഭ തെരഞ്ഞെടുപ്പുസംവിധാനത്തെ ബോധപൂർവം ഭരണകൂടത്തിന്റെയും എക്സിക്യൂട്ടീവിന്റെയുംനിയന്ത്രണത്തിനുപുറത്തുനിർത്തിയതാണെന്നും ഇ.സി.ഐ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പുകമീഷണറായ സുകുമാർ സെന്നിന്റെ ഏറ്റവും വലിയ സംഭാവന, രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് വിജയകരമായി നടത്തി എന്നതുമാത്രമല്ല, വിജയികൾക്കും പരാജിതർക്കും ഒരുപോലെ വിശ്വസിക്കാൻ കഴിയുന്ന ഒരു തെരഞ്ഞെടുപ്പുസംസ്കാരം വളർത്തിയെടുത്തു എന്നതുകൂടിയാണ്.
ആ വിശ്വാസമാണ് ഇപ്പോൾ നമ്മുടെ മുന്നിലെ യഥാർഥ ചോദ്യം. സെപ്റ്റംബർ 23-ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ട അന്വേഷണറിപ്പോർട്ട് പല കാരണങ്ങളാൽ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. തങ്ങളുടെ അറിവോടെയല്ല അഥവാ തങ്ങളുടെ ശക്തമായ എതിർപ്പുകൾ മറികടന്നുകൊണ്ടാണ് വോട്ടർപട്ടികയെ ബാധിക്കുന്ന സുപ്രധാനതീരുമാനങ്ങൾ എടുത്തതെന്ന് ഈ ഭരണഘടനാസ്ഥാപനത്തിലെ മൂന്നിൽ രണ്ട് അംഗങ്ങളും ആവർത്തിച്ച് ഔദ്യോഗികമായി രേഖപ്പെടുത്തുമ്പോൾ എന്തുസംഭവിക്കും? തെരഞ്ഞെടുപ്പുപ്രക്രിയയുടെ കാതലായ കാര്യങ്ങളിലാണ് ആ എതിർപ്പുകൾ ഉയർന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു: ആർക്കാണ് വോട്ടറാകാൻ സാധിക്കുക, ആരുടെ പേരാണ് നീക്കംചെയ്യപ്പെടുക, ആർക്കാണ് ഒരു പേര് പുനഃസ്ഥാപിക്കാൻ കഴിയുക, തെരഞ്ഞെടുപ്പുഡാറ്റാബേസ് ആർക്കൊക്കെ പരിശോധിക്കാം, അതിൽ മാറ്റംവരുത്താൻ ആർക്കാണ് അനുവാദമുള്ളത് തുടങ്ങിയ അടിസ്ഥാനവിഷയങ്ങളിൽ.
ഏതു രാഷ്ട്രീയപാർട്ടിയാണ് അധികാരത്തിലുള്ളത് എന്നത് പരിഗണിക്കാതെതന്നെ ഇത് നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വോട്ടവകാശം എന്നത് പ്രതിപക്ഷത്തിന്റെ സ്വത്തല്ല. അത് സർക്കാരിന്റെ ഔദാര്യമോ സമ്മാനമോ അല്ല. തെരഞ്ഞെടുപ്പുകമീഷന്റെ ഉടമസ്ഥതയിലുള്ളതുമല്ല. അത് പൗരജനങ്ങളുടെ അവകാശമാണ്; മറ്റു ജനാധിപത്യാവകാശങ്ങൾ നേടിയെടുക്കാനും വിനിയോഗിക്കാനുമുള്ള അടിസ്ഥാനപരമായ അവകാശം.
പോളിങ് ദി നത്തെ കേന്ദ്രീകരിച്ചുമാത്രമായി തെരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിച്ചുശീലിച്ചവരാണ് നമ്മൾ. എന്നാൽ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പുതീരുമാനങ്ങൾ അതിനേക്കാൾ വളരെ മുൻപുതന്നെ സംഭവിക്കാം. വോട്ടർപട്ടികയിൽനിന്ന് പേര് അപ്രത്യക്ഷമായ പൗരരെ സംബന്ധിച്ചിടത്തോളം അത് കേവലം ഒരു അമൂർത്തമായ ഭരണഘടനാസംവാദം മാത്രമല്ല; മറിച്ച് വോട്ടവകാശം നിഷേധിക്കപ്പെടുന്ന കയ്പേറിയ അനുഭവമാണ്. സാങ്കേതികവിദ്യയ്ക്ക് തെരഞ്ഞെടുപ്പുപ്രക്രിയയിൽ വലിയ പുരോഗതിവരുത്താൻ സാധിക്കുമെന്ന് നമുക്കറിയാം. ഇരട്ടിപ്പുകൾ ഒഴിവാക്കാനും സൂക്ഷ്മപരിശോധന വേഗത്തിലാക്കാനും ഭരണനിർവഹണശേഷി വർധിപ്പിക്കാനും അതിനുകഴിയും. എന്നാൽ ഭരണഘടനാപരമായ ഒരവകാശം ഒരിക്കലും ഒരു സോഫ്റ്റ്വെയർ ആർക്കിടെക്ചറിനുകീഴിലായിപ്പോകരുത്.
ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നിയമപരമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ടായിട്ടും, കേന്ദ്രീകൃത ഡിജിറ്റൽസംവിധാനം ആ തീരുമാനം രേഖപ്പെടുത്താൻ അനുവദിക്കുന്നില്ലെങ്കിൽ, ആ പ്രശ്നം കേവലം സാങ്കേതികം മാത്രമല്ല, മറിച്ച് ഭരണഘടനാപരമായിത്തന്നെ മാറുന്നു. ഗോവയിലെ 97 വോട്ടർമാരുടെ അനുഭവം ഇതിനൊരു വലിയ ഉദാഹരണമാണ്. അവർ വോട്ടുചെയ്യാൻ അർഹരാണെന്ന് ഇ.ആർ.ഒ. കണ്ടെത്തിയിട്ടും, സോഫ്റ്റ്വെയർ ആ തീരുമാനം ശരിയായി രേഖപ്പെടുത്താൻ അനുവദിക്കാതിരുന്നതിനാൽ അന്തിമവോട്ടർപട്ടികയിൽനിന്ന് പുറത്തായതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. പൗരരുടെ വോട്ടവകാശം ഉദ്യോഗസ്ഥവത്കരിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.
ഫോം 6ൽ വരുത്തിയതായി പറയപ്പെടുന്ന മാറ്റം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണ്. കാരണം, പുതിയ വോട്ടർമാരുടെ പേരുകൾ അവരുടെയോ മാതാപിതാക്കളുടെയോ പൂർവികരുടെയോ മുൻവോട്ടർപട്ടികയിലെ സാന്നിധ്യവുമായി ബന്ധിപ്പിക്കുന്ന ചോദ്യങ്ങൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചട്ടങ്ങൾ മാറ്റാതെ ഇത്തരം നിയമപരമായ ഫോമുകളിൽ മാറ്റംവരുത്താൻ കഴിയില്ലെന്ന് രണ്ട് തെരഞ്ഞെടുപ്പുകമീഷണർമാർ എതിർപ്പുന്നയിച്ചിരുന്നതായാണ് റിപ്പോർട്ട്. മാതാപിതാക്കളുടെയോ പിതാമഹരുടെയോ തെരഞ്ഞെടുപ്പുചരിത്രത്തിലൂടെ തെളിയിക്കേണ്ട ഒരു പാരമ്പര്യസ്വത്തായി വോട്ടവകാശം മാറിയത് എപ്പോഴാണ്? ഭരണഘടന പൗരത്വത്തെ ഒരു കുടുംബസർട്ടിഫിക്കറ്റായിട്ടല്ല വിഭാവനംചെയ്യുന്നത്.
2020ൽ ഞങ്ങൾ ജനവിധി അംഗീകരിച്ചത്, അപ്പോഴത്തെ ഫലത്തേക്കാൾ ഈ സ്ഥാപനത്തിന് പ്രാധാന്യമുണ്ടെന്ന് വിശ്വസിച്ചതുകൊണ്ടാണ്. ആറുവർഷങ്ങൾക്കുശേഷം, ആ വിശ്വാസംതന്നെയാണ് ഇപ്പോഴത്തെ ഈ ചോദ്യങ്ങളെ കൂടുതൽ നിർണായകമാക്കുന്നത്. ആത്യന്തികമായി, ആരാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത് എന്നതല്ല വിഷയം. തങ്ങളുടെ വോട്ട് രേഖപ്പെടുത്താനുള്ളതുതന്നെയാണെന്നും അത് സംരക്ഷിക്കാൻ ഭരണഘടനാസംവിധാനങ്ങൾ സദാ സന്നദ്ധമാണെന്നും പൗരജനങ്ങൾക്ക് ഇനിയും പൂർണമായി വിശ്വസിക്കാൻ കഴിയുമോ എന്നതാണ് യഥാർഥ ചോദ്യം.
(0)Commentaires