KE

Keralakaumudi Daily

കോളേജ് വിദ്യാഭ്യാസം;പ്രിയം കുറയുമ്പോൾ

Image
ലോകത്തെ മറ്റേതൊരു രാജ്യത്തെക്കാളും യൗവന സുരഭിലമായ ജനസഞ്ചയമുള്ള നമ്മുടെ നാട്ടിലെ പുതിയ തലമുറയ്ക്ക് കോളേജ് ഡിഗ്രികളോടുള്ള താത്പര്യം കുറയുന്നുവെന്നതിന്റെ ആദ്യ സൂചനകൾ ലഭ്യമാകുന്ന സമയമാണിത്. ഉദിച്ചുയരുന്ന ലോകത്തിനിണങ്ങുംവിധം യുവതയെ പരിപാകപ്പെടുത്തിയെടുക്കാനുള്ള നിർണായകതട്ടകമെന്ന് കരുതിപ്പോരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനെത്തുന്നവരുടെ എണ്ണം കുറയുന്നത് ആരംഭത്തിൽ തന്നെ ഗൗനിക്കേണ്ട പ്രശ്നമാണ്. 2011മുതൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നടത്തിവരുന്ന വിവരശേഖരണമാണ് അഖിലേന്ത്യ ഉന്നതവിദ്യാഭ്യാസ സർവേ. അതിന്റെ ഏറ്റവും പുതിയ പതിപ്പായ 2023-24 റിപ്പോർട്ട്, മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രണ്ട് സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നു: ഒന്ന്, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൊത്തം എൻറോൾമെന്റ് (ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിഎച്ച് ഡി പ്രവേശനങ്ങൾ) ഉയർന്നെങ്കിലും, ഇന്നേവരെയുള്ളതിൽവച്ച് ഏറ്റവും കുറഞ്ഞ വർദ്ധനവാണ് (0.82ശതമാനം) ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. രണ്ട്, മൊത്തം എൻറോൾമെന്റിന്റെ 75 ശതമാനത്തിലേറെ കൈയാളുന്ന, ബിരുദ (UG) പ്രവേശനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 93,322 പഠിതാക്കളുടെ കുറവുണ്ടായി. കേരളത്തിന്റെ അനുഭവം അഖിലേന്ത്യ വിദ്യാഭ്യാസ സർവേ പ്രകാരം ബിരുദപ്രവേശനത്തിൽ ഇടിവുണ്ടായ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. 2021-22, 2022-23 വർഷങ്ങളിൽ സംഭവിച്ച കുറവ് മറികടക്കാൻ 2023-24ലെ നേരിയ വർദ്ധനവിന് കഴിഞ്ഞിട്ടില്ല. ഒരു ദിനപത്രം, സംസ്ഥാനകോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരാവകാശരേഖ പ്രകാരം, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ പ്രവേശനത്തിൽ 25ശതമാനം ഇടിവുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. സർവകലാശാലകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അഞ്ചു വർഷത്തിനിടയിലെ താഴ്ചയെ സാക്ഷ്യപ്പെടുത്തുന്നു. ആകെയുള്ള സീറ്റുകളുടെ പതിന്മടങ്ങ് പ്രവേശനഅപേക്ഷകൾ ലഭ്യമായിരുന്ന പഴയകാലത്തെ ശീതളഛായ ഉന്നതവിദ്യാശാലകൾക്ക് ഇന്നിപ്പോൾ അന്യമാകുന്നതിന്റെ സൂചനകളും ലഭ്യമാകുന്നുണ്ട്. പഠിതാക്കളെ തങ്ങളുടെ കലാലയങ്ങളിലേക്ക് ആകർഷിക്കാൻപോന്ന സോഷ്യൽ മീഡിയ പ്രചാരണം, പ്രോത്സാഹന റീലുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയെ ആശ്രയിക്കുന്ന വേളയാണിത്. ഗൗരവം വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങൾ വികസിതയിടമായി മാറാൻ കൊതിക്കുന്ന നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും നിലനിൽക്കുന്ന രംഗയോജനത്തിലാണ് പ്രവേശനത്തിൽ കുറവുണ്ടാകുന്നതെന്നത് പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യമായ പ്രായത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിലാണ് ആ രംഗത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണമിടിയുന്നത്. ചെറുപ്പക്കാരുടെ എണ്ണവും ഇതിനകം ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കാൻ കഴിഞ്ഞവരും തമ്മിലുള്ള അനുപാതം അഖിലേന്ത്യാതലത്തിൽ 30 ശതമാനവും, കേരളത്തിലേത് 40 ശതമാനവുമാണ്. വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ പ്രയാണം കുറഞ്ഞുവരുന്ന സാഹചര്യത്തിലും, രാജ്യത്തിനകത്ത് ഉന്നത വിദ്യാഭ്യാസ പ്രവേശനം ഇടിയുന്നുവെന്നത് ശ്രദ്ധേയമാകുന്നു. പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച്,2023ൽ വിദേശത്ത് പോയത് 9,08,364 വിദ്യാർത്ഥികളായിരുന്നു. 2025ൽ 6,26,606 ആയി കുറഞ്ഞു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണംവർദ്ധിച്ചെങ്കിലും പ്രവേശന സംഖ്യ താഴോട്ടു പോയിരിക്കുന്നു. 2022-23ൽ ഇന്ത്യയിൽ 56,180 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നത് 2023-24ൽ 59,533 ആയി. നാലുവർഷ ഡിഗ്രി പാഠ്യപദ്ധതിയടക്കമുള്ള ഘടനാപരമായ പരിവർത്തനങ്ങളുടെ നടുവിലും എൻറോൾമെന്റ് ഇടിയുകയെന്നത് ആലോചനാമൃതമാകുന്നു. രാജ്യത്തെ 1,278 സർവകലാശാലകളിൽ 56 ശതമാനവും നാലുവർഷഡിഗ്രി സമ്പ്രദായത്തിലേക്ക് മാറിയെന്നും, 49 ശതമാനവും ഒന്നിൽ കൂടുതൽ പ്രവേശന-പുറത്തുപോകൽ സൗകര്യം നൽകിയിട്ടുണ്ടെന്നും അഖിലേന്ത്യ സർവേ പറയുന്നു. പ്രവേശന മാന്ദ്യത്തിന് പിന്നിൽ ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് പുതുതായി പ്രവേശിക്കുന്നവരുടെ എണ്ണം കുറയുന്നതിന്റെ അന്വേഷണത്തിൽ പ്രകടമാകുന്ന രണ്ട് കാര്യങ്ങൾ ഇവയാണ്: ഒന്നാമത്തേത്,​ വിദ്യാഭ്യാസവും തൊഴിൽ ലഭ്യതയും തമ്മിലുള്ള വിടവ്. കേന്ദ്ര സ്ഥിതിവിവരകാര്യാലയം നടത്തിയ തൊഴിൽശക്തി സർവേ 2025 പ്രകാരം, സെക്കൻഡറി/ഹയർസെക്കൻഡറി വിദ്യാഭ്യാസയോഗ്യതയുള്ള യുവാക്കൾക്കിടയിലെ (15-29 വയസ്) തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമാകുമ്പോൾ, ഡിഗ്രിയും അതിനുമേലും യോഗ്യതയുള്ളവർക്കിടയിലെ തൊഴിൽരാഹിത്യം 22.7 ശതമാനമാനമാകുന്നു. യോഗ്യത ഉയരുമ്പോൾ തൊഴിൽ സാദ്ധ്യത കുറയുന്നുവെന്ന് കരുതേണ്ടിവരുന്നു! ഈ സർവേ ശേഖരിച്ച ഡാറ്റായുടെ ഒരു വിശകലനത്തിൽ പറയുന്നത്, ചെറുപ്പക്കാരായ 100 ബിരുദധാരികളിൽ 26പേർക്ക്മാത്രമാണ് സ്ഥിര ശമ്പളം ലഭിക്കുന്ന തൊഴിലുകളുള്ളതെന്നാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം, ബിരുദധാരികളിൽ 8.5ശതമാനം മാത്രമാണ് അവരുടെ യോഗ്യതയ്ക്ക് യോജിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളത്. കണക്കുകൂട്ടലുകൾ തെറ്റുന്ന സാഹചര്യത്തിൽ, പരമ്പരാഗത ഡിഗ്രികൾ നേടാനുള്ള താത്പര്യത്തിൽ കുറവുണ്ടാകുന്നത് സ്വാഭാവികം. രണ്ടാമത്തേത്, പുതുതലമുറയുടെ അഭിവാഞ്ചകളാണ്. പഴയ തലമുറയെക്കാൾ കൂടുതൽ ശക്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് ഇന്നത്തെ വിദ്യാർത്ഥികളെന്നാണ് ദീർഘനാളായി കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന അദ്ധ്യാപകർ അഭിപ്രായപ്പെടുന്നത്. കാര്യമായ ഗുണം നൽകാത്ത പഠനത്തിനായി ഏറെ വർഷം ചെലവഴിക്കുന്നതിൽ അവർക്ക് പൊതുവിൽ ഇഷ്ടക്കേടുണ്ട്. പന്ത്രണ്ടാം ക്ലാസ് എത്തുമ്പോൾ തന്നെ, കുറഞ്ഞ സമയമെടുക്കുന്ന നൈപുണ്യ കോഴ്സുകളിലൂടെ തങ്ങളുടെ കരിയർ കരുപിടിപ്പിക്കുവാൻ അവർ ശ്രമിക്കുന്നു. വളരെ സമ്പന്നവും, വ്യാവസായിക-സേവന തുറകളിൽ മുന്നിൽ നിൽക്കുന്നതുമായ മഹാരാഷ്ട്രയാണ് ഡിഗ്രി പ്രവേശനത്തിലെ ഇപ്പോഴത്തെ ഇടിവിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. ഇത് വിദ്യാർത്ഥികളുടെ പുതിയ ചിന്താഗതിക്ക് ഒപ്പം പോകുന്ന പ്രവണതയാണെന്ന് കരുതാം. ചുരുക്കത്തിൽ, കോളേജ് പ്രവേശനത്തിലിപ്പോഴുണ്ടായിരിക്കുന്ന ഇടിവ് അതിഭീകരമല്ലെങ്കിലും, അധികാരികളും വിദ്യാഭ്യാസ വിചക്ഷണൻമാരും ഏറെ ജാഗ്രതയോടെ അഭിസംബോധന ചെയ്യേണ്ട വിഷയമാണ്.
കോളേജ് വിദ്യാഭ്യാസം;പ്രിയം കുറയുമ്പോൾ
View on original source
Partager
Archive
J’aime

(0)Commentaires

 

Opinion liée

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.