ഡോ

ഡോ. ​എം. മു​ര​ളീ​ധ​ര​ൻ

ഓർമയുടെ മസ്തിഷ്കഭൂപടം മായുമ്പോൾ

Image
ഓർമ്മ എന്നത് ഭൂതകാലം സൂക്ഷിച്ചുവെക്കുന്ന അടഞ്ഞ അറ മാത്രമല്ല; ഇന്നലെകളെ ഇന്നിലേക്ക് ചേർത്തുവെച്ച് മനുഷ്യനെ അവന്റെ ബന്ധങ്ങളോടും സ്ഥലങ്ങളോടും സ്വത്വത്തോടും ചേർത്തുനിർത്തുന്ന സജീവമായൊരു ആന്തരിക പ്രവാഹമാണ്. ആ പ്രവാഹത്തിന്റെ ഉറവിടങ്ങൾ ഒന്നൊന്നായി വറ്റിത്തുടങ്ങുമ്പോൾ ഒരാൾ മറക്കുന്നത് പേരുകളും തീയതികളും മാത്രമല്ല, സ്വന്തം ജീവിതത്തിന്റെ ഭൂപടം തന്നെയാണ്. അൽഷിമേഴ്‌സ് രോഗത്തിന്റെ ആഴമേറിയ ദുരന്തം തുടങ്ങുന്നത് അവിടെയാണ്. പ്രായം കൂടുമ്പോൾ ഒരു പേര് ഓർത്തെടുക്കാൻ വൈകുന്നതോ സാധനം എവിടെയെങ്കിലും അല്പനേരം മറന്നുവെക്കുന്നതോ അസ്വാഭാവികമല്ല. എന്നാൽ, പരിചിതമായ വഴികളിൽ ദിശാബോധം നഷ്ടപ്പെടുക, ഒരേ ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കുക, പണമിടപാടുകൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാതാവുക, അടുപ്പിൽ പാകം ചെയ്യാൻ വെച്ചത് മറന്നുപോവുക, നിത്യജീവിതത്തിന്റെ ക്രമം പാടേ തകരുക എന്നിവ വാർധക്യത്തിന്റെ സ്വാഭാവികതകളല്ല; മറിച്ച് കൃത്യമായ വൈദ്യപരിശോധന ആവശ്യപ്പെടുന്ന ഗൗരവമേറിയ മുന്നറിയിപ്പുകളാണ്. ഡിമെൻഷ്യ എന്നത് ഒരു പ്രത്യേക രോഗത്തിന്റെ പേരല്ല. ഓർമ്മ, ഭാഷ, ശ്രദ്ധ, കാര്യനിർവഹണശേഷി, സ്ഥലബോധം, സാമൂഹികപെരുമാറ്റം തുടങ്ങിയ ബൗദ്ധികപ്രവർത്തനങ്ങൾ ഒരാളുടെ സ്വതന്ത്രജീവിതത്തെ ബാധിക്കുന്ന അളവിൽ തകരുന്ന വിവിധ അവസ്ഥകളുടെ പൊതുവായ പേരാണത്. അതിന്റെ ഏറ്റവും പ്രധാന കാരണം അൽഷിമേഴ്‌സ് രോഗമാണ്. മൊത്തം ഡിമെൻഷ്യ കേസുകളുടെ അറുപത് മുതൽ എൺപത് ശതമാനം വരെ അൽഷിമേഴ്‌സുമായി ബന്ധപ്പെട്ടിരിക്കുന്നു. പുറമേക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് വർഷങ്ങൾക്കുമുമ്പേ തലച്ചോറിൽ അതിന്റെ ജൈവനിഴൽ വീണുതുടങ്ങിയിട്ടുണ്ടാകും. പുതിയ ഓർമ്മകളെ മനസ്സിൽ ആഴത്തിൽ ഉറപ്പിച്ചുനിർത്തുന്ന സ്മൃതികേന്ദ്രങ്ങളിലാണ് (ഹിപ്പോകാംപസ്) ആദ്യനാശം സംഭവിക്കുന്നത്. അതുകൊണ്ടാണ് ബാല്യകാലത്തിലെ ഒരു പഴയ പാട്ട് വരികൾ തെറ്റാതെ ഓർത്തെടുക്കുന്ന ഒരാൾക്ക് അന്ന് രാവിലെ കഴിച്ച ഭക്ഷണം എന്താണെന്ന് ഓർക്കാൻ കഴിയാതെ വരുന്നത്. ക്രമേണ ഈ തകർച്ച ഭാഷയെയും യുക്തിചിന്തയെയും സ്ഥലബോധത്തെയും വ്യക്തിത്വത്തെയും പൂർണമായി ബാധിക്കുന്നു. പ്രായമാണ് ഇതിന്റെ ഏറ്റവും വലിയ അപകടഘടകം. രോഗികളിൽ ഭൂരിഭാഗവും അറുപത്തഞ്ചു വയസ്സ് കഴിഞ്ഞവരാണ്. എങ്കിലും വാർധക്യം ഇതിന്റെ അനിവാര്യമായ അന്ത്യമല്ല. അപൂർവമായി പാരമ്പര്യ ജീൻ വ്യതിയാനങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ചെറുപ്പത്തിലേ രോഗത്തിന് കാരണമാകാറുണ്ട്. എന്നാൽ, ഒരു മറവിപരാതി കേട്ടയുടൻ അൽഷിമേഴ്‌സ് എന്ന മുദ്ര ചാർത്തുന്നത് വലിയ തെറ്റാണ്. വിഷാദം, ഉറക്കക്കുറവ്, തൈറോയ്ഡ് തകരാറുകൾ, വൈറ്റമിൻ B12-ന്റെ കുറവ്, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, അമിതമദ്യപാനം, കാഴ്ച, കേൾവി പരിമിതികൾ എന്നിവയെല്ലാം മറവിരോഗത്തിന്റെ മുഖംമൂടിയണിഞ്ഞ് വരാവുന്ന അവസ്ഥകളാണ്. സമഗ്രമായ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ കാരണം തിരിച്ചറിയാനാവൂ. തലച്ചോറിന്റെ സ്കാനിംഗുകളും പുതിയ രക്തപരിശോധനാ രീതികളും രോഗനിർണയത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും, ബാഹ്യലക്ഷണങ്ങളില്ലാത്ത ഒരാളിൽ രക്തപരിശോധനാ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഭാവിയിലെ ഡിമെൻഷ്യ പ്രഖ്യാപിക്കുന്നത് ശാസ്ത്രീയമായി അപക്വവും നൈതികമായി അപകടകരവുമാണ്. നിലവിലെ ഔഷധങ്ങൾ നശിച്ചുപോയ നാഡീകോശങ്ങളെ പുനർജനിപ്പിക്കുകയോ രോഗത്തെ പൂർണമായി തടയുകയോ ചെയ്യുന്നില്ല. എങ്കിലും ഓർമ്മയും ദിനചര്യകളും കുറച്ചുകാലത്തേക്ക് മെച്ചപ്പെടുത്താനും ക്ഷയത്തിന്റെ വേഗത മിതമായി കുറയ്ക്കാനും അവ സഹായിക്കും. ഒരു പ്രത്യേക ഭക്ഷണമോ വ്യായാമമോ കൊണ്ടുമാത്രം അൽഷിമേഴ്‌സിനെ പൂർണമായി തടയാനാകില്ലെങ്കിലും ഡിമെൻഷ്യയെ വൈകിപ്പിക്കാനാകും എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രത്യാശ. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, വിഷാദം, ഏകാന്തത, വായുമലിനീകരണം, കേൾവിക്കുറവ് തുടങ്ങിയ പതിനാല് പ്രധാന ജീവിതശൈലീഘടകങ്ങൾ കൃത്യമായി നിയന്ത്രിച്ചാൽ ഏതാണ്ട് 45 ശതമാനം ഡിമെൻഷ്യ കേസുകളും ഒഴിവാക്കാനോ വൈകിപ്പിക്കാനോ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വ്യായാമവും വായനയും ഊഷ്മളമായ സാമൂഹിക ഇടപെടലുകളും തലച്ചോറിന്റെ ആയുസ്സ് കാത്തുസൂക്ഷിക്കും. ഡിമെൻഷ്യ പരിചരണത്തിന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കേണ്ടത് മരുന്നല്ല, മനുഷ്യരാണ്. വെളിച്ചമുള്ള ശാന്തമായ മുറി, കൃത്യമായ ദിനചര്യ, കാഴ്ചയെ സഹായിക്കുന്ന വലിയ ഘടികാരങ്ങൾ, വീഴ്ചകൾ ഒഴിവാക്കുന്ന സുരക്ഷിതത്വം, പോഷകാഹാരം എന്നിവ രോഗിയുടെ ജീവിതനിലവാരം വലിയ അളവിൽ ഉയർത്തും. അസ്വസ്ഥതയോ സംശയമോ അലഞ്ഞുനടക്കലോ കാണുമ്പോൾ അവരെ ശാസിക്കുകയല്ല, മറിച്ച് സ്നേഹത്തോടെയും ക്ഷമയോടെയും മനസ്സിലാക്കുകയാണ് വേണ്ടത്. കാരണം വിശപ്പും ഭയവും വേദനയും ആശയവിനിമയത്തിലെ പരാജയവുമാകാം അത്തരം പെരുമാറ്റങ്ങൾക്ക് പിന്നിൽ. രോഗിക്ക് സ്വന്തം ഓർമ്മകൾ നഷ്ടപ്പെടാം; എന്നാൽ അവരുടെ അന്തസ്സോ അവകാശങ്ങളോ ഒരുനാളും നഷ്ടപ്പെടുന്നില്ല. അതേസമയം തന്നെ, രോഗിയെ സ്നേഹത്തോടെ പരിചരിക്കുന്ന ഉറ്റവരുടെ ഉറക്കനഷ്ടവും മാനസികവിഷമങ്ങളും സാമ്പത്തികഭാരവും തിരിച്ചറിഞ്ഞ് അവർക്ക് സമൂഹത്തിന്റെ താങ്ങ് നൽകേണ്ടതുണ്ട്. പേര് ഓർത്തെടുക്കാനാകാത്ത ഒരാൾക്കും ശബ്ദത്തിലെ സൗമ്യത പെട്ടെന്ന് തിരിച്ചറിയാം. ബന്ധം നിർവചിക്കാൻ കഴിയാത്ത ഒരാൾക്കും കൈത്തലത്തിലെ സ്പർശത്തിന്റെ ഊഷ്മളത അനുഭവിക്കാൻ കഴിയും. ഓർമ്മയുടെ വാതിലുകൾ ഓരോന്നായി അടയുമ്പോഴും ഹൃദയവികാരങ്ങളുടെ ഒരു ജാലകം മനുഷ്യനിൽ ഏറെക്കാലം തുറന്നുകിടക്കും. അൽഷിമേഴ്‌സ് രോഗിയുടെ ജീവിതത്തിൽ ശാസ്ത്രത്തിന്റെ ദൗത്യം രോഗത്തിന്റെ പുരോഗതി അളക്കുക മാത്രമല്ല, അവശേഷിക്കുന്ന മനുഷ്യരെ കണ്ടെത്തി കരുതലോടെ ചേർത്തുപിടിക്കുക കൂടിയാണ്.
ഓർമയുടെ മസ്തിഷ്കഭൂപടം മായുമ്പോൾ
View on original source
Partager
Archive
J’aime

(0)Commentaires

 

Opinion liée

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.