ജിദ്ദ: ആറാമത് ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ മിഷ്അൽ ജിദ്ദ സൂപ്പർഡോമിൽ തുടക്കംകുറിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നാലുദിവസം നീളുന്ന സമ്മേളനത്തിനാണ് തുടക്കമായത്. 'മക്കയിൽനിന്ന് ലോകത്തിലേക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടക അനുഭവ വികസന പദ്ധതിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
സൗദിയിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് ദൗത്യസംഘങ്ങളുടെ തലവന്മാർ, ഇസ്ലാമിക ലോകത്തെ വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് പ്രദർശന നഗരിയിലെത്തിയ മക്ക ഡെപ്യൂട്ടി അമീർ, തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒരുക്കിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, നൂതന പദ്ധതികൾ, സ്മാർട്ട് സംവിധാനങ്ങൾ എന്നിവ നേരിൽ കണ്ടു. സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽനിന്നുള്ള വിവിധ സ്ഥാപനങ്ങളുടെ പവലിയനുകളും സന്ദർശിച്ചു.
സൽമാൻ രാജാവിന്റെ സന്ദേശം പ്രിൻസ് സൗദ് ചടങ്ങിൽ അവതരിപ്പിച്ചു. അതിഥികളെ സൗദി അറേബ്യയെന്ന അവരുടെ രണ്ടാം ഭവനത്തിലേക്ക് സ്വാഗതംചെയ്യുകയും രാജാവിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.
രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സേവനത്തിനായി സൗദി അറേബ്യ അർപ്പണബോധത്തോടെ പ്രവർത്തനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് സംവിധാനത്തിന്റെ നിരന്തരമായ വികസനം, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനപ്പെടുത്തൽ, വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് രാജ്യം മുൻഗണന നൽകുന്നു. യാത്ര പുറപ്പെടുന്നത് മുതൽ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെയുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
ഓരോ ഹജ്ജ് സീസണിന്റെയും വിജയകരമായ നടത്തിപ്പ് രാജ്യത്തിന്റെ ഹജ്ജ് സംവിധാനത്തിന്റെ മികച്ച മുന്നൊരുക്കത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടങ്ങൾക്ക് കരുത്തുപകരുന്ന പ്രധാന വേദികളിലൊന്നാണ് ഹജ്ജ് സമ്മേളനവും പ്രദർശനവും. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും സംയുക്ത ഏകോപനം മെച്ചപ്പെടുത്താനും കരാറുകൾക്ക് രൂപംനൽകാനും ഹജ്ജ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കാര്യക്ഷമമാക്കാനും സമ്മേളനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ്, ഉംറ സേവനമേഖലയിൽ നടപ്പാക്കിയ സുപ്രധാന മാറ്റങ്ങൾ ചടങ്ങിൽ സംസാരിച്ച ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വിശദീകരിച്ചു. വിദേശ തീർഥാടകർക്ക് സേവനം നൽകുന്ന കമ്പനികളുടെ എണ്ണം 34 ആയി ഉയർത്തിയതും സേവനമേഖലയിൽ മത്സരം പ്രോത്സാഹിപ്പിച്ചതും ഇതിൽ പ്രധാനമാണ്. 58 രാജ്യങ്ങളുമായി നേരിട്ടുള്ള കരാർ സംവിധാനങ്ങൾ വ്യാപിപ്പിച്ചു. ഡയറക്ട് ഹജ്ജ് പദ്ധതിയിലൂടെ 75 രാജ്യങ്ങളിൽ നിന്നുകൂടി തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
1448 ഹിജ്റ വർഷത്തെ ഹജ്ജ് സീസണിനായുള്ള മുന്നൊരുക്കങ്ങൾ 78 രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി ഏകോപിപ്പിച്ച് നേരത്തേ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങളും ഗതാഗത അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഡിജിറ്റൽ രംഗത്തെ മുന്നേറ്റവും മന്ത്രി എടുത്തുപറഞ്ഞു. 'നുസുക്' ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെയും ആപ്ലിക്കേഷന്റെയും ഉപയോക്താക്കളുടെ എണ്ണം ഏഴു കോടിയിലധികമായി ഉയർന്നു. 1447 ഹിജ്റ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ തീർഥാടകരുടെ സംതൃപ്തി നിരക്ക് 93 ശതമാനത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
മുന്നൊരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കുന്നതിനും രാജ്യാന്തര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും കരാറുകൾ അന്തിമമാക്കുന്നതിനും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ആഗോള വേദിയായി ഹജ്ജ് സമ്മേളനവും പ്രദർശനവും വളർന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയ മേധാവികൾക്കുവേണ്ടി ഇന്തോനേഷ്യൻ ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ഇർഫാൻ യൂസുഫ് ചടങ്ങിൽ സംസാരിച്ചു. ബോധവത്കരണ, പരിശീലന ഫോറത്തിന്റെയും ഏകീകൃത ജീവനക്കാരുടെ പോർട്ടലിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഇതോടനുബന്ധിച്ച് എട്ട് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കുന്നതിന് മക്ക ഡെപ്യൂട്ടി അമീർ സാക്ഷ്യം വഹിച്ചു.
150-ലധികം രാജ്യങ്ങളുടെ പങ്കാളിത്തവും സാന്നിധ്യവുമുള്ള പ്രദർശനം 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തനങ്ങൾ, വിജ്ഞാന കൈമാറ്റം, സാങ്കേതികവിദ്യ, വ്യാപാരം, നവീകരണം, ബോധവത്കരണം, പരിശീലനം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന 15-ലധികം പ്രധാന വിഭാഗങ്ങളും പരിപാടികളും പ്രദർശനത്തിലുണ്ട്.
(0)കമന്റുകൾ