കണ്ണൂർ ∙ ദേശീയപാത 66ൽ നേരത്തേ നിശ്ചയിച്ച രൂപരേഖയിൽനിന്നുമാറി നിർമിക്കാൻ തീരുമാനിച്ച ഉയരപ്പാതകളുടെയും അടിപ്പാതകളുടെയും നിർമാണ ഉത്തരവ് ഇറങ്ങാത്തതിനാൽ ഈ ഭാഗങ്ങൾ കരാർക്കമ്പനികൾ നിലവിലെ നിർമാണങ്ങളുടെ ഭാഗമല്ലാതാക്കിമാറ്റി. ഇതോടെ, ദേശീയപാത നിർമാണം പൂർത്തിയാകാൻ ഇനിയും വർഷങ്ങളെടുക്കും. പൊതുജനങ്ങളിൽനിന്നു പുതിയ ആവശ്യങ്ങൾ വന്നതോടെയാണു നിർമാണം വൈകുന്നതെന്നുകാട്ടി കമ്പനികൾ സമയം നീട്ടിക്കിട്ടാൻ ദേശീയപാത അതോറിറ്റിക്ക് അപേക്ഷ നൽകിയേക്കും.
ജനങ്ങളുടെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് നേരത്തേ തയാറാക്കിയ രൂപരേഖയിൽനിന്നുമാറി ഉയരപ്പാതകളും അടിപ്പാതകളും നിർമിക്കാൻ തീരുമാനിച്ചത്. പ്രധാനമായും ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം ഭാഗങ്ങൾ നിലവിലെ നിർമാണങ്ങളുടെ ഭാഗമല്ലാതാക്കി മാറ്റിയിരിക്കുന്നത്. അസംസ്കൃതവസ്തുക്കളുടെ കുറവും നിർമാണത്തെ ബാധിച്ചു. നിർമാണം വൈകുന്ന ഇടങ്ങളിൽ ദേശീയപാത അതോറിറ്റി സ്ലോ പ്രോഗ്രസ് നോട്ടിസ് നൽകിയിട്ടുണ്ട്.
സർവീസ് റോഡുകളിലും 'പണിതന്നെ' ഒന്നര മീറ്റർ വീതിയിൽ ഡ്രെയ്നേജ് സംവിധാനം ഉൾപ്പെടെ 7 മീറ്റർ വീതിയാണു സർവീസ് റോഡിനു വേണ്ടത്. എന്നാൽ, പാത കടന്നുപോകുന്ന ഭൂരിഭാഗം ജില്ലകളിലും ഇതു പാലിക്കാൻ സാധിച്ചിട്ടില്ല. സ്ഥലപരിമിതിയാണു വെല്ലുവിളിയായത്. സ്ഥലമേറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാർ തയാറാണെങ്കിൽ സർവീസ് റോഡുകളുടെ വീതി വർധിപ്പിക്കാമെന്നാണു ദേശീയപാത അതോറിറ്റിയുടെ വാദം. സർവീസ് റോഡുകളിൽ സുരക്ഷാവീഴ്ചയുണ്ടെന്ന് നാറ്റ്പാക് നേരത്തേ കണ്ടെത്തിയിരുന്നു.
(0)കമന്റുകൾ