ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഒരു പ്രത്യേക ദൈവശാസ്ത്ര വ്യവസ്ഥിതിയെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ അല്ല, മറിച്ച് രക്ഷയെക്കുറിച്ച് തിരുവചനം പഠിപ്പിക്കുന്ന നേർചിത്രം കാണുക എന്നത് മാത്രമാണ് .
'രക്ഷ' എന്ന വാക്ക് ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രമാണ്. എന്നാൽ പലപ്പോഴും രക്ഷയെ നാം ഒരു നിമിഷത്തെ അനുഭവമായി മാത്രം കാണുന്നു: 'ഞാൻ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു, ഞാൻ രക്ഷിക്കപ്പെട്ടു.' അത് സത്യമാണ്. എന്നാൽ വേദപുസ്തകം രക്ഷയെ അതിലും വലിയ ഒരു ദൈവിക പദ്ധതിയായാണ് അവതരിപ്പിക്കുന്നത്.
Thanks for reading The Malayalee Berean! Subscribe for free to receive new posts and support my work.
രക്ഷ ഒരു മനുഷ്യന്റെ തീരുമാനത്തിൽ മാത്രം ആരംഭിക്കുന്ന ഒന്നല്ല. അത് പിതാവിന്റെ നിത്യമായ ഉദ്ദേശത്തിൽ ആരംഭിച്ച്, പുത്രനായ യേശുക്രിസ്തുവിന്റെ പൂർത്തിയായ ക്രൂശ് മരണത്തിലൂടെ സാധ്യമായി, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ നമ്മിൽ പ്രയോഗിക്കപ്പെടുകയും, അവസാനം തേജസ്കരണത്തിൽ പൂർത്തിയാകുകയും ചെയ്യുന്നു.
രക്ഷ മനസ്സിലാക്കാൻ ആദ്യം മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കണം.
ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (ഉല്പത്തി 1:26-27). ദൈവവുമായി കൂട്ടായ്മയിലും അവന്റെ മഹത്വം പ്രതിഫലിപ്പിച്ചും ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.
എന്നാൽ പാപം ലോകത്തിലേക്ക് വന്നു. ആദാമിന്റെ വീഴ്ചയിലൂടെ മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നു.
'എല്ലാവരും പാപം ചെയ്തു ദൈവത്തിന്റെ തേജസ്സ് ഇല്ലാത്തവരായിത്തീർന്നു' (റോമർ 3:23).
പാപം ഒരു തെറ്റായ പ്രവൃത്തി മാത്രം അല്ല. അത് ദൈവത്തിൽ നിന്നുള്ള വേർപാടാണ്. അതുകൊണ്ടാണ് മനുഷ്യന് രക്ഷ ആവശ്യമായി വന്നത്.
വേദപുസ്തകത്തിന്റെ ഏറ്റവും വലിയ കഥ നാല് വാക്കുകളിൽ മനസ്സിലാക്കാം:
സൃഷ്ടി → വീഴ്ച → വീണ്ടെടുപ്പ് → പുനഃസ്ഥാപനം
രക്ഷയുടെ ആരംഭം ദൈവത്തിന്റെ ഹൃദയത്തിലാണ്.
എഫെസ്യർ 1:3-4 പറയുന്നു:
'ലോകസ്ഥാപനത്തിന് മുമ്പെ അവൻ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.'
ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യന്റെ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതല്ല. കാരണം എല്ലാവരും പാപികളാണ്. എല്ലാവരും ദൈവത്തിന്റെ നീതിയുള്ള വിധിക്ക് അർഹരാണ്.
അതുകൊണ്ട് തിരഞ്ഞെടുപ്പ് ദൈവത്തിന്റെ കരുണയാണ്.
റോമർ 9-ൽ പൗലോസ് ചോദിക്കുന്നു: 'ദൈവത്തിൽ അനീതി ഉണ്ടോ?'
അവന്റെ ഉത്തരം: 'ഒരുനാളും ഇല്ല.'
ദൈവം ഒരു നീതിരഹിതനായ ന്യായാധിപനെപ്പോലെ ആരെയും ശിക്ഷിക്കുന്നില്ല. രക്ഷിക്കപ്പെടുന്നവർ ദൈവത്തിന്റെ കരുണ അനുഭവിക്കുന്നവരാണ്.
എന്നാൽ ദൈവം ചിലരെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് പൂർണ്ണമായ ഉത്തരം നമ്മുടെ ബുദ്ധിക്ക് അതീതമാണ്. ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ജ്ഞാനത്തെക്കാൾ ഉയർന്നതാണ്.
'അവന്റെ വിധികൾ എത്ര അഗാധവും അവന്റെ വഴികൾ എത്ര അപ്രാപ്യവും ആകുന്നു!' (റോമർ 11:33)
എന്നാൽ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം വെറും സ്വർഗ്ഗം ലഭിക്കുക മാത്രമല്ല.
എഫെസ്യർ 1:4 പറയുന്നു: 'നാം അവന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്.'
ദൈവം നമ്മെ ക്രിസ്തുവിനെപ്പോലെ ആക്കുവാൻ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് ഒരിക്കലും സുവിശേഷപ്രഖ്യാപനത്തെയും മനുഷ്യന്റെ വിശ്വാസത്തെയും അനുസരണത്തെയും ഇല്ലാതാക്കുന്നില്ല. മറിച്ച്, ദൈവം താൻ തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷയിലേക്ക് കൊണ്ടുവരാൻ സുവിശേഷത്തെ തന്നെ മാർഗ്ഗമായി ഉപയോഗിക്കുന്നു.
പിതാവ് ഉദ്ദേശിച്ചതിനെ പുത്രൻ പൂർത്തിയാക്കി.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം പാപമായിരുന്നു. അതിനുള്ള പരിഹാരം യേശുക്രിസ്തുവിന്റെ ക്രൂശായിരുന്നു.
ക്രിസ്തു:
നമ്മുടെ പാപങ്ങൾക്ക് പകരമായി മരിച്ചു (യെശയ്യാവ് 53:5)
ദൈവത്തിന്റെ നീതിയെ തൃപ്തിപ്പെടുത്തി (റോമർ 3:25–26; 1 യോഹന്നാൻ 2:2)
നമ്മെ ദൈവവുമായി നിരപ്പിച്ചു (2 കൊരിന്ത്യർ 5:18-19)
പാപത്തിന്റെ അടിമത്വത്തിൽ നിന്ന് നമ്മെ വീണ്ടെടുത്തു (മർക്കോസ് 10:45)
വേദപുസ്തകം ക്രിസ്തുവിന്റെ പ്രവ്യത്തിയെ പല വാക്കുകളിലൂടെ വിവരിക്കുന്നു:
വീണ്ടെടുപ്പ് (Redemption)– വില കൊടുത്ത് മോചിപ്പിക്കൽ.
നിരപ്പ് (Reconciliation)– ദൈവത്തിൽ നിന്ന് അകന്നിരുന്നവരെ വീണ്ടും കൂട്ടിച്ചേർക്കൽ.
പ്രായശ്ചിത്തം (Atonement)– പാപത്തിന്റെ ശിക്ഷ ഏറ്റെടുക്കൽ.
ക്രിസ്തുവിന്റെ മരണം എല്ലാവരോടും പ്രസംഗിക്കപ്പെടേണ്ടതാണ്. സുവിശേഷ വിളി എല്ലാവർക്കുമുള്ളതാണ്.
അതുകൊണ്ട് ഓരോ മനുഷ്യനോടും 'ക്രിസ്തുവിൽ വിശ്വസിക്കൂ' എന്ന യഥാർത്ഥ ക്ഷണം സുവിശേഷപ്രഘോഷണത്തിൽ നൽകുന്നു.
എന്നാൽ രക്ഷ അനുഭവിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തോടെ ക്രിസ്തുവിങ്കൽ വരുന്നവർ ദൈവത്തിന്റെ കൃപയാൽ വരുന്നു.
പിതാവ് രക്ഷ ആസൂത്രണം ചെയ്തു.പുത്രൻ രക്ഷ പൂർത്തിയാക്കി.പരിശുദ്ധാത്മാവ് രക്ഷ നമ്മിൽ പ്രയോഗിക്കുന്നു.
പരിശുദ്ധാത്മാവ്:
നമ്മെ പുതുജന്മം നൽകുന്നു (യോഹന്നാൻ 3:5-8)
മരിച്ച ആത്മീയ അവസ്ഥയിൽ നിന്ന് നമ്മെ ജീവനുള്ളവരാക്കുന്നു (എഫെസ്യർ 2:4-5)
നമ്മെ ക്രിസ്തുവിൽ ഒന്നാക്കുന്നു (1 കൊരിന്ത്യർ 12:13)
നമ്മിൽ വിശ്വാസം ഉണർത്തുന്നു (എഫെസ്യർ 2:8; ഫിലിപ്പിയർ 1:29)
നമ്മെ വിശുദ്ധീകരിക്കുന്നു (2 തെസ്സലൊനീക്യർ 2:13; 1 പത്രോസ് 1:2)
സുവിശേഷം കേൾക്കുമ്പോൾ എല്ലാവരും ഒരേ പ്രതികരണം കാണിക്കുന്നില്ല.
യേശു പറഞ്ഞു: 'എന്നെ അയച്ച പിതാവ് ആകർഷിച്ചില്ലെങ്കിൽ ഒരുവനും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല' (യോഹന്നാൻ 6:44).
അതേസമയം മനുഷ്യന് ഉത്തരവാദിത്വമുണ്ട് :
'നിങ്ങൾക്കു എങ്കലേക്കു വരുവാൻ മനസ്സില്ല' (യോഹന്നാൻ 5:40).
വേദപുസ്തകം ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ ഉത്തരാവാദിത്വവും ഒരുമിച്ച് പഠിപ്പിക്കുന്നു.
വേദപുസ്തകം രക്ഷയെ ഭൂതകാലത്തിലും, വർത്തമാനകാലത്തിലും, ഭാവിയിലും നടക്കുന്ന ദൈവത്തിന്റെ രക്ഷാപ്രവർത്തിയായി ( ത്രികാല അനുഭവമായി ) പഠിപ്പിക്കുന്നു.
നാം വിശ്വാസത്തിലൂടെ ക്രിസ്തുവിൽ വരുമ്പോൾ ദൈവം നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു.
റോമർ 5:1: 'വിശ്വാസത്താൽ നീതീകരിക്കപ്പെട്ടതിനാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തോടു സമാധാനം നമുക്കുണ്ട്.'
നമ്മുടെ പ്രവൃത്തികൾ കൊണ്ടല്ല, മറിച്ച് ക്രിസ്തുവിന്റെ പ്രവൃത്തി കൊണ്ടാണ്.
കൃപയാൽ മാത്രം.വിശ്വാസത്തിലൂടെ മാത്രം.ക്രിസ്തുവിൽ മാത്രം.
നീതീകരണം ഒരു നിമിഷത്തിൽ സംഭവിക്കുന്നു. എന്നാൽ വിശുദ്ധീകരണം ജീവിതകാലം മുഴുവൻ തുടരുന്നു.
ഇതിന് മൂന്ന് വശങ്ങളുണ്ട്:
സ്ഥാനപരമായ വിശുദ്ധീകരണം (Positional Sanctification):
ക്രിസ്തുവിൽ നാം വിശുദ്ധരായി കണക്കാക്കപ്പെടുന്നു.
പുരോഗമന വിശുദ്ധീകരണം (Progressive Sanctification):
പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ച് നമ്മെ ക്രിസ്തുവിനെപ്പോലെ മാറ്റുന്നു.
പൂർണ്ണ വിശുദ്ധീകരണം (Perfect Sanctification):
തേജസ്കരണത്തിൽ പാപത്തിന്റെ സാന്നിധ്യം പോലും ഇല്ലാതാകും.
ചുരുക്കത്തിൽ:
നീതീകരണം – പാപത്തിന്റെ ശിക്ഷയിൽ നിന്ന് മോചനം.
വിശുദ്ധീകരണം – പാപത്തിന്റെ ശക്തിയിൽ നിന്ന് മോചനം.
തേജസ്കരണം – പാപത്തിന്റെ സാന്നിധ്യത്തിൽ നിന്ന് മോചനം.
ക്രിസ്തുവിന്റെ രണ്ടാം വരവിൽ വിശ്വാസികൾ പൂർണ്ണമായി തേജസ്കരിക്കപ്പെടും.
ഫിലിപ്പിയർ 1:6: 'നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാൾവരെ അത് തികെക്കും.'
അന്ന്:
പാപം ഉണ്ടാകില്ല
മരണം ഉണ്ടാകില്ല
ദുഃഖം ഉണ്ടാകില്ല
നാം പൂർണ്ണമായും ക്രിസ്തുവിന്റെ സാദൃശ്യത്തിൽ ആയിരിക്കും.
'അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെപ്പോലെ ആകും; അവൻ ഇരിക്കുന്നതുപോലെ നാം അവനെ കാണും' (1 യോഹന്നാൻ 3:2).
ഒരു വിശ്വാസിയുടെ ഉറപ്പ് സ്വന്തം ശക്തിയിൽ അല്ല.
എന്റെ വിശ്വാസം എത്ര ശക്തമാണ് എന്നതിൽ അല്ല, മറിച്ച് ദൈവം എത്ര വിശ്വസ്തനാണ് എന്നതിലാണ്.
യേശു പറഞ്ഞു: 'ഞാൻ അവർക്കു നിത്യജീവൻ കൊടുക്കുന്നു; അവർ ഒരുനാളും നശിച്ചുപോകയില്ല' (യോഹന്നാൻ 10:28).
'തന്നിലൂടെ ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിപ്പാൻ അവന് കഴിയും' (എബ്രായർ 7:25).
ദൈവം ആരംഭിച്ച രക്ഷ ദൈവം തന്നെ പൂർത്തിയാക്കും. എന്നാൽ അതിന്റെ അർത്ഥം അലസമായ ജീവിതമല്ല.
യഥാർത്ഥ രക്ഷയുടെ അടയാളം പണ്ടെന്നോ എടുത്ത ഒരു പഴയ തീരുമാനമല്ല; ക്രിസ്തുവിലുള്ള തുടർച്ചയായ വിശ്വാസവും, മാനസാന്തരവും, വിശുദ്ധിയിലേക്കുള്ള വളർച്ചയുമാണ്.
'നിങ്ങളുടെ രക്ഷ ഭയത്തോടും വിറയലോടും കൂടി പ്രവർത്തിപ്പിൻ; നിങ്ങളിൽ ഇച്ഛിക്കയും പ്രവർത്തിക്കയും ചെയ്യുന്നത് ദൈവമാണ്' (ഫിലിപ്പിയർ 2:12-13).
ദൈവം പ്രവർത്തിക്കുന്നു. അതുകൊണ്ട് നാം പ്രവർത്തിക്കുന്നു.
രക്ഷയുടെ കഥ മനുഷ്യന്റെ മഹത്വത്തിന്റെ കഥയല്ല. അത് ദൈവത്തിന്റെ മഹത്വത്തിന്റെ കഥയാണ്.
പിതാവ് രക്ഷ ആസൂത്രണം ചെയ്തു.പുത്രൻ രക്ഷ പൂർത്തിയാക്കി.പരിശുദ്ധാത്മാവ് രക്ഷ പ്രയോഗിക്കുന്നു.
ഒരു ദിവസം ദൈവം നമ്മെ പൂർണ്ണമായി പുനഃസ്ഥാപിക്കും.
അതുകൊണ്ട് രക്ഷയുടെ ആരംഭവും നടുവും അവസാനവും ഒരേ സന്ദേശമാണ്:
രക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്തായിരുന്നു?സൃഷ്ടിയും വീഴ്ചയും മനസ്സിലാക്കുന്നത് രക്ഷയുടെ ആവശ്യകത മനസ്സിലാക്കാൻ എങ്ങനെ സഹായിക്കുന്നു?
എഫെസ്യർ 1:3-4 പ്രകാരമുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു?
യോഹന്നാൻ 5:40 ഉം യോഹന്നാൻ 6:44 ഉം ഒരുമിച്ച് വായിക്കുമ്പോൾ മനുഷ്യന്റെ ഉത്തരവാദിത്തത്തെയും ദൈവത്തിന്റെ പരമാധികാരത്തെയും കുറിച്ച് എന്താണ് പഠിക്കുന്നത്?
ക്രിസ്തുവിന്റെ ക്രൂശ് പ്രവർത്തിയെ നിങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു?
പരിശുദ്ധാത്മാവിന്റെ പ്രവർത്തി രക്ഷയിൽ എത്ര പ്രധാനമാണെന്ന് നാം പലപ്പോഴും മനസ്സിലാക്കുന്നുണ്ടോ?
നീതീകരണവും വിശുദ്ധീകരണവും തമ്മിലുള്ള വ്യത്യാസം എന്താണ്?
രക്ഷയുടെ ഉറപ്പ് നമ്മുടെ അനുഭവത്തിലും വികാരങ്ങളിലും ആണോ, അതോ ദൈവത്തിന്റെ വിശ്വസ്തതയിലാണോ അധിഷ്ഠിതം? എന്തുകൊണ്ട്?
ദൈവം നമ്മുടെ രക്ഷയുടെ ആരംഭവും പൂർത്തീകരണവും ആണെങ്കിൽ, അത് നമ്മുടെ ജീവിതത്തിലെ വിശുദ്ധിയെയും അനുസരണയെയും എങ്ങനെ സ്വാധീനിക്കണം?
രക്ഷയെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ ഉയരേണ്ട പ്രതികരണം എന്താണ്: വാദപ്രതിവാദങ്ങളോ, ആരാധനയോ? എന്തുകൊണ്ട്?
Thanks for reading The Malayalee Berean! Subscribe for free to receive new posts and support my work.
(0)കമന്റുകൾ