ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ രണ്ടാം ഘട്ട നടപടികൾക്കു തുടക്കമാവുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയ 16-ാമത് ജനസംഖ്യാ കണക്കെടുപ്പിൽ, വീടുകൾ തോറുമുള്ള വിവരശേഖരണമാണ് ഇനി നടക്കുക. ചരിത്രത്തിലാദ്യമായി ജാതി സെൻസസും നടക്കുകയാണ്. രണ്ടാം ഘട്ട കണക്കെടുപ്പിൽ, പുതുതായി കൂട്ടിച്ചേർത്ത 13 ചോദ്യങ്ങൾ അടക്കം ആകെ 40 ചോദ്യങ്ങൾക്കാണു ജനങ്ങൾ മറുപടി നൽകേണ്ടത്. ഒന്നര പതിറ്റാണ്ടിനുശേഷമുള്ള സെൻസസിന്റെ പ്രത്യേകതകൾ അറിയാം.
രണ്ടാം ഘട്ട സെൻസ് എന്നുമുതൽ? 2027 ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുകൾ തേറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. മാർച്ച് ഒന്നു മുതൽ അഞ്ചു വരെ പുനരവലോകനവും നടക്കുമെന്നു റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. പട്ടിക വിഭാഗങ്ങൾക്കു പുറമേ മറ്റു ജാതികളും ചോദിച്ചറിയുന്ന ജാതി സെന്സസും ഈ ഘട്ടത്തിലാണു നടക്കുന്നത്. വീടുകൾ തോറുമുള്ള കണക്കെടുപ്പിനു മുന്നോടിയായി ജനുവരി 10 മുതൽ സെൽഫ് എന്യുമറേഷനും സൗകര്യമുണ്ടാകും. 2027 മാർച്ച് ഒന്നിന് പുലർച്ചെ 12 മണിയാണു സെൻസസിന്റെ റഫറൻസ് തീയതിയായി കണക്കാക്കിയിരിക്കുന്നത്. മാർച്ച് ഒന്നിനു പുലർച്ചെ 12 മണിക്കു മുൻപു ജനിച്ച കുട്ടികളെ സെൻസസ് കണക്കിൽ ഉൾപ്പെടുത്തും. എന്നാൽ, മാർച്ച് ഒന്നിനു പുലർച്ചെ 12 മണിക്കു ശേഷമാണു ജനനമെങ്കിൽ, ആ കുട്ടി ഈ സെൻസസ് കണക്കിൽ ഉണ്ടാകില്ല. അതുപോലെ, മാർച്ച് ഒന്നിനു പുലർച്ചെ 12 മണിക്കു മുൻപു മരണപ്പെട്ടവരെയും കണക്കിലെടുക്കില്ല. 1948 ലെ സെൻസസ് നിയമത്തിലെ സെക്ഷൻ 3 (1948 ലെ 37) പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരം നൽകേണ്ടത് 40 ചോദ്യങ്ങൾക്ക് 40 ചോദ്യങ്ങളാകും എന്യുമറേറ്റർമാർ ചോദിച്ചറിയുക. ജാതി (പട്ടികവർഗം/പട്ടികജാതിക്കു പുറമേ), മതം, മാതാപിതാക്കളുടെ ജനന സ്ഥലം, ജനന തീയതി, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പങ്കാളിയുടെ പേര്, ദേശീയത, ഡിജിറ്റൽ സാക്ഷരത, സ്ഥിര താമസ വിലാസം, കോവിഡ് 19 വാക്സിനേഷൻ എടുത്ത സ്ഥലം, പാസ്പോർട്ട് നമ്പർ, ഡ്രൈവിങ് ലൈസൻസ് ലഭ്യത, മൊബൈൽ, ആധാർ, വോട്ടർ ഐഡി നമ്പറുകൾ എന്നിവ ഉൾപ്പടെ 13 ചോദ്യങ്ങൾ പുതുതായി ഉൾപ്പെടുത്തി.
തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെ? തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിലാണു രണ്ടാം ഘട്ട സെൻസസ് ആദ്യം നടക്കുക. 2026 നവംബർ 16 മുതൽ 2027 ജനുവരി 5 വരെ ഇതു നീളും. നവംബർ 16 മുതൽ സെൽഫ് എന്യുമറേഷനു സൗകര്യമുണ്ടാകും. ഡിസംബർ ഒന്നു മുതൽ വീടുകൾ തോറുമുള്ള കണക്കെടുപ്പ് ആരംഭിക്കും. ഇതിനുപുറമേ, ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലെ കണക്കെടുപ്പ് സെപ്റ്റംബർ 30 ന് പൂർത്തിയാക്കിയിരുന്നു. മണിപ്പൂരിലെ സ്ഥിതിഗതികൾ മോശമായതിനാൽ കണക്കെടുപ്പ് അനിശ്ചിതകാലത്തേക്കു മാറ്റിവച്ചിരിക്കുകയാണ്.
സെന്സസിന്റെ ഒന്നാം ഘട്ടം പൂർത്തിയായോ? ഏപ്രിൽ ഒന്നിനു ആരംഭിച്ച ഒന്നാം ഘട്ട സെൻസസ് സെപ്റ്റംബർ 30നു അവസാനിച്ചു. 15 ദിവസം സെൽഫ് എന്യുമറേഷനുള്ള സൗകര്യവും ഉണ്ടായിരുന്നു. വീടുകളുടെ എണ്ണം, നിർമാണ രീതി, ഉടമസ്ഥത, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തിട്ടപ്പെടുത്തുന്ന ഘട്ടമാണിത്. മണിപ്പൂർ ഒഴികെ രാജ്യമൊട്ടാകെ ആദ്യഘട്ടം പൂർത്തീകരിച്ചു.
എന്താണ് സെൻസസ്? രാജ്യത്തെ ജനങ്ങളുടെ വിവരശേഖരണവും കണക്കെടുപ്പുമാണു സെൻസസ്. രാജ്യത്ത് എത്ര ജനങ്ങളുണ്ട്, അവർ എങ്ങനെയൊക്കെ ജീവിക്കുന്നു, അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തുന്ന ഔദ്യോഗിക പ്രക്രിയയാണിത്. 1948-ലെ സെൻസസ് ആക്ട് പ്രകാരമാണ് കണക്കെടുപ്പു നടത്തുന്നത്. രാജ്യത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും, ഫണ്ടു വിഭജനവും നടത്തുന്നത് ഈ സെൻസസിന്റെ അടിസ്ഥാനത്തിലാണ്. ഇതിനുമുൻപ് 2011ലാണു രാജ്യത്തു സെൻസസ് നടന്നത്. സാധാരണയായി പത്തു വർഷം കൂടുമ്പോഴാണ് സെൻസസ് നടത്തേണ്ടതെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2021ലെ സെൻസസ് നടപടികൾ നീട്ടിവയ്ക്കുകയായിരുന്നു.
സെൻസസ് 2027ന്റെ പ്രത്യേകതകൾ എന്തെല്ലാം? രാജ്യത്തെ 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമാണ് 2027 ലെ സെൻസസ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസുമാണു നിലവിൽ നടക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ചരിത്രത്തിലാദ്യമായി ജനങ്ങൾക്കു തന്നെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യുമറേഷൻ സംവിധാനവുമുണ്ട്. സെൻസസ് പ്രക്രിയ തത്സമയം വിലയിരുത്താനും നിരീക്ഷിക്കാനുമായി സെൻസസ് മാനേജ്മെന്റ് ആന്ഡ് മോണിറ്റിങ് സിസ്റ്റം (സിഎംഎംഎസ്) സജ്ജമാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടമായ ഹൗസ് ലിസ്റ്റിങ് പ്രവർത്തനങ്ങൾക്കായി പ്രത്യേക വെബ് മാപ്പിങ് ആപ്ലിക്കേഷനായ ഹൗസ് ലിസ്റ്റിങ് ബ്ലോക് സജ്ജമാക്കി. സെൻസസ് നടത്തേണ്ട ഭൂപ്രദേശങ്ങളെ കൃത്യമായി അളന്ന് തിട്ടപ്പെടുത്തി, ചെറിയ ബ്ലോക്കുകളാക്കി തിരിക്കാനാണ് ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്. ചരിത്രത്തിലാദ്യമായി സെൽഫ് എന്യുമറേഷനുള്ള സൗകര്യവും ഇത്തവണയുണ്ട്. സെൻസസ് നടത്തുന്നതിനായി 11,718 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
എന്താണ് 1948-ലെ സെൻസസ് ആക്ട്? ഇന്ത്യയിൽ സെൻസസ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനും അതിന്റെ സുഗമമായ നടത്തിപ്പിനും കേന്ദ്ര സർക്കാരിനു സമ്പൂർണ അധികാരം നൽകുന്നതു 1948ലെ സെൻസസ് ആക്ട് ആണ്. കേന്ദ്ര സർക്കാരിന് ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ അധികാരം നല്കുന്നു. സെൻസസ് നടപടികൾ മേൽനോട്ടം വഹിക്കുന്നതിനായി സെൻസസ് കമ്മിഷണർ, ഡയറക്ടർമാർ, എന്യൂമറേറ്റർമാർ തുടങ്ങിയവരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്നു. സെൻസസ് സമയത്ത് പൊതുജനങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ഈ നിയമം ഉറപ്പുനൽകുന്നു.
പൗരന്മാരുടെ ശ്രദ്ധയ്ക്ക് സെൻസസ് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക്, കൃത്യമായ വിവരങ്ങൾ നൽകാൻ രാജ്യത്തെ ഓരോ പൗരനും നിയമപരമായി ബാധ്യതയുണ്ട്. സെൻസസ് വിവരങ്ങൾ നൽകാൻ മനഃപൂർവം വിസമ്മതിക്കുകയോ, വ്യാജ വിവരങ്ങൾ നൽകുകയോ, അല്ലെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ജോലികൾ തടസ്സപ്പെടുത്തുകയോ ചെയ്താൽ പിഴയോ തടവോ ലഭിക്കും.
(0)കമന്റുകൾ