2026 ഏറ്റവും ചൂടേറിയ നാല് വര്‍ഷങ്ങളില്‍ ഒന്ന്; 1.47 ഡിഗ്രി ഉയര്‍ന്നെന്ന് പഠന റിപ്പോര്‍ട്ട്

2026 ഏറ്റവും ചൂടേറിയ നാല് വര്‍ഷങ്ങളില്‍ ഒന്ന്; 1.47 ഡിഗ്രി ഉയര്‍ന്നെന്ന് പഠന റിപ്പോര്‍ട്ട്
View on original source
വിഭാഗം: SciTech
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂഡല്‍ഹി: ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ചൂടേറിയ നാല് വര്‍ഷങ്ങളില്‍ ഒന്നായിരിക്കും 2026 എന്ന് റിപ്പോര്‍ട്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ ആഗോള ശരാശരി താപനില വ്യവസായ വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തെക്കാള്‍ (1850-1900 കാലയളവിലെ ശരാശരി) 1.47 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ വര്‍ധിച്ചതായി വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍റെ (WMO) പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുര്‍ക്കിയിലെ അന്‍റാലിയയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ 'COP31'-ന്‍റെ ആദ്യ ദിനമായ വെള്ളിയാഴ്ചയാണ് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് റിപ്പോര്‍ട്ടി'ലാണ് ഇക്കാര്യം പറയുന്നത്. 2025, 2023 വര്‍ഷങ്ങളിലെ ശരാശരി താപനിലയെക്കാള്‍ കൂടുതലാണ് 2026ലെ ശരാശരി താപനിലയെന്നും ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായ 2024ലേക്കാളും നേരിയ കുറവ് മാത്രമേ 2026ലെ ശരാശരി താപനിലയിലുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, നിലവില്‍ തുടരുന്ന 'എല്‍ നിനോ' (El Nino) പ്രതിഭാസം കാരണം 2026 അവസാനത്തോടെ ഈ താപനില ഇനിയും ഉയര്‍ന്നേക്കാം. ഓഗസ്റ്റ് മുതല്‍ ശക്തിപ്രാപിച്ചുവരുന്ന ഈ പ്രതിഭാസം ഡിസംബറോടെ റെക്കോര്‍ഡ് തലത്തിലെത്തുമെന്നാണ് കരുതുന്നത്. "കഴിഞ്ഞ നാല് വര്‍ഷങ്ങള്‍, 177 വര്‍ഷത്തെ നിരീക്ഷണ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നു. സമുദ്രങ്ങളിലെ താപനില തുടര്‍ച്ചയായി പത്താം വര്‍ഷവും റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുകയാണ്" ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറല്‍ സെലെസ്റ്റെ സൗലോ പ്രസ്താവനയില്‍ പറഞ്ഞു. "നിലവിലുള്ള എല്‍ നിനോ പ്രതിഭാസം റെക്കോര്‍ഡ് തലത്തില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഇത് സമുദ്രത്തില്‍ നിന്ന് പുറത്തുവിടുന്ന താപം, 2027 വരെ ഉയര്‍ന്ന ആഗോള താപനിലയ്ക്കും തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമാകും" അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള താപനില വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം ഭൂമിയുടെ ഊര്‍ജ്ജ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് (energy imbalance). ഭൂമിയില്‍ താപം അതിവേഗം ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങള്‍ അസാധാരണമായ അളവില്‍ താപം പിടിച്ചുനിര്‍ത്തുന്നതും സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് വരുന്ന ഊര്‍ജ്ജവും തിരികെ പുറത്തേക്ക് പോകുന്ന ഊര്‍ജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥ തകരാറിലാകുന്നതും ഇതിന് കാരണമാകുന്നു. നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അസന്തുലിതാവസ്ഥയാണിതെന്ന് ഡബ്ല്യു.എം.ഒ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1750ല്‍ ഏകദേശം 278 പാര്‍ട്സ് പെര്‍ മില്യണ്‍ (ppm) ആയിരുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ്, 2025-ല്‍ 426.8 ppm ആയി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു; അതായത് 53 ശതമാനം വര്‍ധനവ്. 1750ല്‍ ആഗോളതലത്തില്‍ 729 പാര്‍ട്സ് പെര്‍ ബില്യണ്‍ (ppb) ആയിരുന്ന മീഥെയ്ന്‍റെ അളവ്, 2025-ല്‍ 1948 പാര്‍ട്സ് പെര്‍ ബില്യണ്‍ ആയി ഉയര്‍ന്നു - 167 ശതമാനം വര്‍ധനവ്. കൂടാതെ, അധികമായി വരുന്ന താപത്തിന്‍റെ 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനില റെക്കോര്‍ഡ് നിലയിലെത്തുന്ന തുടര്‍ച്ചയായ പത്താം വര്‍ഷമായി 2026 മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തീവ്രമായ കാലാവസ്ഥാ സംഭവങ്ങള്‍ ജനജീവിതത്തെയും ഉപജീവനമാര്‍ഗങ്ങളെയും ബാധിച്ചുവെന്നും ഭക്ഷ്യസുരക്ഷയെ തകര്‍ക്കുകയും ദാരിദ്ര്യം വര്‍ധിപ്പിക്കുകയും പല പ്രദേശങ്ങളിലും ആളുകള്‍ക്ക് വീടും നാടും വിട്ടുപോകേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഉദാഹരണത്തിന്, യൂറോപ്പിലുണ്ടായ ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, കാട്ടുതീ എന്നിവ മൂലം 30,000-ത്തിലധികം അധിക മരണങ്ങള്‍ സംഭവിച്ചതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2026 ഏപ്രിലില്‍ ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗത്തില്‍ ഏകദേശം 146.5 ദശലക്ഷം ആളുകള്‍ അതിതീവ്രമായ ചൂട് അനുഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. "നാം കാലാവസ്ഥാ തീവ്രതകളുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മനുഷ്യനിര്‍മ്മിത കാലാവസ്ഥാ വ്യതിയാനം മൂലം ഇതിനകം തന്നെ അമിതമായി ചൂടായ ഈ ഗ്രഹത്തിലേക്ക്, അതിശക്തമായ ഒരു 'എല്‍ നിനോ' (El Nino) കൂടി കടന്നുവരുന്നു. കാലാവസ്ഥാ റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ക്കപ്പെടുന്നു. ഇതിന്‍റെ ആഘാതം മൂലം മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്" ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. "ഇതില്‍ ഏറ്റവും കുറഞ്ഞ പങ്കുമാത്രം വഹിക്കുന്നവരാണ് ഏറ്റവും ഗുരുതരമായി ദുരിതമനുഭവിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം (emissions) വേഗത്തില്‍ കുറച്ചുകൊണ്ടും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നീതിയുക്തമായ ഊര്‍ജ്ജ മാറ്റം (just transition) ത്വരിതപ്പെടുത്തിക്കൊണ്ടും ദുര്‍ബല രാജ്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും സംരക്ഷണവും നല്‍കിക്കൊണ്ടും ലോകനേതാക്കള്‍ ഗൗരവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.