ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പിടി ഉഷയ്ക്ക് തിരിച്ചടി. സ്‌പോർട്‌സ് പേഴ്‌സൺ ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടതോടെയാണ് ഇത്. ഡിസംബർ അഞ്ചിന് ഐഒഎ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിടി ഉഷയെ തേടി ഈ ഫലം വന്നിരിക്കുന്നത്.
ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാൾ, മുൻ ലോംഗ് ജമ്പർ അഞ്ജു ബോബി ജോർജ്, മുൻ അമ്പെയ്ത്ത് താരം ഡോല ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവർ നാല് സ്ഥാനങ്ങൾ നേടി. പിടി ഉഷയും മുൻ ബാസ്‌കറ്റ്ബോൾ താരം അനിത പോൾ ദുരൈയും തിരഞ്ഞെടുക്കപ്പെട്ടില്ല.
അഞ്ജു ബോബി ജോർജ് 53 വോട്ടും റാണി രാംപാൽ 50 വോട്ടും ഡോല ബാനർജി 45 വോട്ടും സൈന നെഹ്വാൾ 43 വോട്ടുമാണ് നേടിയത്. എന്നാൽ പിടി ഉഷയ്ക്ക് 40 വോട്ടുകളും അനിത പോൾ ദുരായ്ക്ക് ആറ് വോട്ടുകളും മാത്രമാണ് ലഭിച്ചത്. വനിതാ വിഭാഗത്തിൽ ആകെ 80 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട എസ്ഒഎം പ്രതിനിധികൾ ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളായതിനാൽ ഡിസംബർ 5ന് നടക്കുന്ന പുതിയ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും മത്സരിക്കാനും അർഹതയുള്ളതിനാൽ ഫലം പ്രാധാന്യമർഹിക്കുന്നു. 2022 ഡിസംബറിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലവനാകുന്ന ആദ്യ വനിതയാകുന്നതിന് മുമ്പ് ഉഷയും ഇതിലൂടെയാണ് പൊതു സഭയിൽ എത്തിയത്.
എസ്ഒഎം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പിടി ഉഷയ്ക്ക് ഒരു ദേശീയ സ്‌പോർട്‌സ്ഫെഡറേഷൻ ജനറൽ അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്‌താൽ മാത്രമേ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഇത് സാധാരണയായി നടക്കാത്ത ഒന്നാണ്. ഇതോടെയാണ് രണ്ടാം തവണയും പ്രസിഡന്റ് ആവാനുള്ള ഉഷയുടെ സാധ്യത മങ്ങുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മുൻ അമ്പെയ്ത്ത് താരം ഡോല ബാനർജിക്കെതിരെ ഫലത്തിന് ഒരു ദിവസം മുമ്പ് ഉഷ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഔപചാരിക പരാതി നൽകിയിരുന്നു. 'ന്യൂ ഭാരത് പാനൽ' എന്ന ഗ്രൂപ്പിന് വോട്ട് ആവശ്യപ്പെട്ടതായി ബാനർജിയുടെ പേരുള്ള അക്കൗണ്ടിലൂടെ പ്രചരിച്ച വാട്ട്സ്ആപ്പ് സന്ദേശത്തെ ഉഷ എതിർത്തു. ബാനർജി, സൈന നെഹ്വാൾ, അഞ്ജു ബോബി ജോർജ്, റാണി രാംപാൽ എന്നിവരായിരുന്നു പാനലിൽ ഉണ്ടായിരുന്നത്.
സന്ദേശത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലംഘനം തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉഷ ആവശ്യപ്പെട്ടു. 12 സ്ഥാനാർത്ഥികളിൽ എട്ട് പേർ മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പുരുഷന്മാരുടെ എസ്ഒഎ സ്ഥാനങ്ങൾ ഇതിനകം തന്നെ എതിരില്ലാതെ നികത്തിയിരുന്നു. ഒളിമ്പിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത്, വിജേന്ദർ സിംഗ്, മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവർ നാല് സ്ഥാനങ്ങൾ നേടി.
അതേസമയം, അടുത്ത നാല് വർഷത്തേക്കുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തെയും എക്‌സിക്യൂട്ടീവ് കൗൺസിലിനെയും ഡിസംബർ 5ലെ തിരഞ്ഞെടുപ്പ് തീരുമാനിക്കും. ഏറ്റവും പുതിയ ഫലം വനിതാ എസ്ഒഎം തിരഞ്ഞെടുപ്പിൽ ഉഷയുടെ പരാജയത്തെത്തുടർന്ന് കാര്യമായ അനിശ്ചിതത്വമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
(0)കമന്റുകൾ