ലക്‌നൗ: കഴിഞ്ഞ ഒക്ടോബർ 31നാണ് വാരണാസി - ന്യൂഡൽഹി വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്‌തത്. 16 കോച്ചുകളുള്ള ട്രെയിനിൽ തേർഡ് എ.സി. സെക്കൻഡ് എ.സി,. ഫസ്റ്റ് എന്നിങ്ങനെ മൂന്ന് ക്ലാസുകളാണുള്ളത്. ഇപ്പോഴിതാ വന്ദേഭാരത് സ്ലീപ്പർ എക്സപ്രസിലെ ടിക്കറ്റ് പരിശോധനയുടെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തായി നിരവധി സൗകര്യങ്ങളുണ്ട്. ടിക്കറ്റ് പരിശോധനയിലും ഈ പ്രത്യേകത കാണാം. ടിക്കറ്റ് ഇൻസ്പെക്ടർ എ.സി സ്ലീപ്പർ കോച്ചിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ക്രീം , ഓറഞ്ച് നിറങ്ങളിൽ പ്രിന്റ് ചെയ്ത ടിക്കറ്റുകളാണ് യാത്രക്കാരുടെ കൈവശമുണ്ടായിരുന്നത്. ഓരോ ടിക്കറ്റും വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥൻ യാത്രക്കാർക്ക് തിരികെ നൽകുന്നത്.
ഇതോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റിന്റെ പ്രിന്റൗട്ട് നിർബന്ധമാണോ എന്ന് സംശയമാണ് യാത്രക്കാർ ഉന്നയിക്കുന്നത്. എന്നാൽ ടിക്കറ്റിന്റെ പ്രിന്റൗട്ട് നിർബന്ധമില്ല എന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരുടെ സ്മാർട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ലഭിക്കുന്ന എസ്.എം.എസ് , വാട്‌സ് ആപ്പ് സ്ഥിരീകരണ സന്ദേശങ്ങൾ, ഇലക്ട്രോണിക് റിസർവേഷൻ സന്ദേശങ്ങൾ എന്നിവ ഇന്ത്യൻ റെയിൽവേ അംഗീകരിക്കുന്നുണ്ട്.
കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ പ്രവേശനം അനുവദിക്കുക. ആർ.എ.സി, വെയ്റ്റിംഗ് ലിസ്റ്റ്, ഭാഗികമായി കൺഫേം ചെയ്ത ടിക്കറ്റുകൾ എന്നിവയുള്ളവർക്ക് യാത്രാനുമതിയില്ല.
A post shared by Rail Premi Biswajit (@biswajit.rail.premi)
വാരണാസി - ന്യൂഡൽഹി വന്ദേഭാരത് സ്പീപ്പർ എക്സ്പ്രസ് വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. ന്യൂഡൽഹി- വാരണാസി വന്ദേഭാരത് സ്ലീപ്പർ ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുക, .
(0)കമന്റുകൾ