ഭക്ഷണശേഷം മധുരം കഴിക്കാനുള്ള ആഗ്രഹം എങ്ങനെ നിയന്ത്രിക്കാം?

ഭക്ഷണശേഷം മധുരം കഴിക്കാനുള്ള ആഗ്രഹം എങ്ങനെ നിയന്ത്രിക്കാം?
View on original source
വിഭാഗം: Health
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അൽപം മധുരം കൂടി വേണമെന്ന് തോന്നാറുണ്ടോ? ഉച്ചഭക്ഷണമായാലും അത്താഴമായാലും എന്തെങ്കിലും ഒരു ചെറുമധുരം കഴിച്ചാലേ ഭക്ഷണം പൂർത്തിയായതായി തോന്നൂ എന്നുള്ളവരുണ്ട്. ഇത് വെറുമൊരു ഭക്ഷണത്തോടുള്ള കൊതിയല്ല. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ മുതൽ ഹോർമോണുകളും ഭക്ഷണശീലങ്ങളും വരെ ഇതിന് പിന്നിലുണ്ടാകാം. മധുരത്തോടുള്ള ഈ ആഗ്രഹം പോഷകങ്ങളുടെ കുറവിന്റെയോ ആത്മനിയന്ത്രണമില്ലായ്മയുടെയോ ലക്ഷണമാകണമെന്നില്ല. 'എവരിഡേ എക്സ്പ്ലെയിൻഡ്' എന്ന പരമ്പരയിൽ ഭക്ഷണശേഷം മധുരം കഴിക്കാനുള്ള ആഗ്രഹത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ വിശദീകരിക്കുകയായിരുന്നു ബംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ വിദഗ്ധയായ ഡോ. നേത്ര എൻ. ഭക്ഷണത്തിലെ ചേരുവകളും പോഷകങ്ങളുടെ അളവുമാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. വെളുത്ത അരി, മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലാണ്. ഇവ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാം. ഇതിനെ നിയന്ത്രിക്കുന്നതിനായി ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവിലുണ്ടാകുന്ന മാറ്റങ്ങൾ ചിലരിൽ വിശപ്പിനെയും ഭക്ഷണത്തോടുള്ള ആഗ്രഹത്തെയും സ്വാധീനിക്കാം. എന്നാൽ മധുരം കഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നതുകൊണ്ട് മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവെന്ന് കരുതേണ്ടതില്ലെന്ന് ഡോക്ടർ വിശദീകരിക്കുന്നു. ഭക്ഷണത്തിലെ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ അളവും പ്രധാനമാണ്. ഇവ ആവശ്യത്തിന് അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിക്കുമ്പോൾ വയറുനിറഞ്ഞ സംതൃപ്തി അധികനേരം നിലനിൽക്കണമെന്നില്ല. പ്രോട്ടീനും നാരുകളും ദഹനപ്രക്രിയയുടെ വേഗം കുറയ്ക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകളും വയറുനിറഞ്ഞ തോന്നൽ നൽകും. പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് പെട്ടെന്ന് വീണ്ടും വിശക്കാനും മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നാനും സാധ്യതയുണ്ട്. ഇതിന് ശാരീരികമായ കാരണങ്ങൾക്കൊപ്പം, മാനസികമായ ഘടകങ്ങളുമുണ്ട്. ഉച്ച ഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരം കഴിക്കുന്നത് പലർക്കും വർഷങ്ങളായുള്ള ശീലമാണ്. സന്തോഷം, ആശ്വാസം, ആഘോഷം തുടങ്ങിയ അനുഭവങ്ങളുമായി മധുരം കഴിക്കുന്നതിനെ തലച്ചോർ ബന്ധിപ്പിക്കുന്നു. കാലക്രമേണ ഭക്ഷണം കഴിച്ചുകഴിയുമ്പോൾ മധുരം കൂടി വേണമെന്ന പ്രതീക്ഷ തലച്ചോറിൽ രൂപപ്പെടുന്നു. തലച്ചോറിലെ ഡോപമിൻ ഉൾപ്പെടെയുള്ള പ്രതിഫല സംവിധാനങ്ങളും ഈ ശീലത്തെ ശക്തിപ്പെടുത്തുന്നു. ഉറക്കക്കുറവ്, മാനസിക സമ്മർദം, ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയും മധുരത്തോടുള്ള ആഗ്രഹം വർധിപ്പിക്കാം. ഉറക്കം മതിയാകാത്തത് വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇതിന്റെ ഫലമായി കൂടുതൽ ഊർജം നൽകുന്ന മധുരമുള്ള ഭക്ഷണങ്ങളോട് താത്പര്യം തോന്നാം. എങ്ങനെ നിയന്ത്രിക്കാം? ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ, നാരുകൾ അടങ്ങിയ പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞ തോന്നൽ നിലനിർത്താനും സഹായിക്കും. ഭക്ഷണം സാവധാനം കഴിക്കുക, കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ഉറക്കത്തിന് പ്രാധാന്യം നൽകുക തുടങ്ങിയ കാര്യങ്ങളും മധുരത്തോടുള്ള അമിതമായ ആഗ്രഹം നിയന്ത്രിക്കാൻ സഹായിക്കും. ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നുന്നത് സാധാരണമാണ്. എന്നാൽ ഈ ആഗ്രഹം തുടർച്ചയായി അമിതമാകുന്നതിനൊപ്പം അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, കാരണമില്ലാത്ത ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക, അസാധാരണമായ ക്ഷീണം... തുടങ്ങിയ ലക്ഷണങ്ങൾ കൂടി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം. പ്രമേഹം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മധുരത്തോടുള്ള ആഗ്രഹം പൂർണമായും ഇല്ലാതാക്കാതെ കാരണം മനസ്സിലാക്കി ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയാണ് പ്രധാനം. (കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്) കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://mbi.page.link/grihalakshmi

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.