അബുദാബി∙ യുഎഇയുടെ എണ്ണയിതര കയറ്റുമതിയിൽ സ്വിറ്റ്സർലൻഡ്, ഹോങ്കോങ്, ഇന്ത്യ എന്നീ രാജ്യങ്ങൾ മുൻപന്തിയിൽ. സ്വർണം, ആഭരണങ്ങൾ, പുകയില ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്തത്. പുനർകയറ്റുമതിയിൽ (റീ-എക്സ്പോർട്ട്) സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് കൂടുതൽ ഇറക്കുമതി നടന്നതെന്നും വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി.
രാജ്യത്തിന്റെ എണ്ണയിതര വിദേശവ്യാപാരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നേട്ടം. 2026ലെ ആദ്യ ഒൻപത് മാസത്തിനിടെ 2.945 ട്രില്യൻ ദിർഹത്തിന്റെ റെക്കോർഡ് വ്യാപാരമാണ് യുഎഇ കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 10.1 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് മാസത്തെ കണക്കുകളിൽ എണ്ണയിതര വിദേശവ്യാപാരം മൂന്ന് ട്രില്യൻ ദിർഹത്തോട് അടുക്കുന്നത്. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ വൻ വളർച്ചയാണ് ഇതിന് പ്രധാന കരുത്തായത്. 70,600 കോടി ദിർഹത്തിന്റെ കയറ്റുമതിയാണ് ഇക്കാലയളവിൽ നടന്നത്. 21.6 ശതമാനത്തിന്റെ വർധനയാണ് ഇത്. ഇറക്കുമതി 11.5 ശതമാനം ഉയർന്ന് 1.661 ട്രില്യൻ ദിർഹത്തിലും പുനർകയറ്റുമതി 57,800 കോടി ദിർഹത്തിലുമെത്തി. മൊത്തം എണ്ണയിതര വിദേശവ്യാപാരത്തിൽ കയറ്റുമതിയുടെ വിഹിതം 21.7 ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർന്നു. സെപ്റ്റംബറിലെ പ്രതിമാസ കയറ്റുമതി ആദ്യമായി 10,000 കോടി ദിർഹം കടന്നതും ശ്രദ്ധേയമായി.
ആഗോള സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായി യുഎഇ മാറിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വിദേശവ്യാപാര റിപ്പോർട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻനിര വ്യാപാര പങ്കാളികളായ 10 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ 31 ശതമാനത്തിന്റെ വളർച്ചയുണ്ടായതായും പുതിയ വിപണികൾ കണ്ടെത്താനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാനും രാജ്യത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ (സിഇപിഎ) വ്യാപാര വിപുലീകരണത്തിൽ നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
(0)കമന്റുകൾ