ഇന്ത്യയിലാദ്യം നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിച്ച സംസ്ഥാനമാണ് കർണാടക; 2021-22ൽ. ആദ്യ ബാച്ച് വിദ്യാർഥികൾ മൂന്നാംവർഷം പൂർത്തിയാക്കുന്ന സമയത്ത്, സംസ്ഥാന സർക്കാർ നിയമിച്ച കമ്മിഷന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നാലുവർഷ പ്രോഗ്രാം നിർത്തലാക്കുന്നതായി 2024 മേയിൽ സർക്കാർ ഉത്തരവിറക്കി. മൂന്നു കാരണങ്ങളാണ് പറഞ്ഞത്: അധ്യാപകരുടെ കുറവ്, പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരും ഗ്രാമീണ മേഖലകളിൽനിന്നുള്ളവരുമായ വിദ്യാർഥികൾക്കു തുല്യാവസരം നിഷേധിക്കപ്പെടുകയെന്ന ദുരവസ്ഥ. 2025 ഓഗസ്റ്റിൽ ഈ കമ്മിഷന്റെ അന്തിമറിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നതു മൂന്നുവർഷ ബിരുദവും തുടർന്ന് രണ്ടുവർഷ ബിരുദാനന്തര ബിരുദവുമാണ്.
2026 ഏപ്രിലിൽ ഗോവ ആദ്യബാച്ച് വിദ്യാർഥികളുടെ നാലാംവർഷം വേണ്ടെന്നുവച്ചു. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മൂന്നാംവർഷംവരെ നിശ്ചിതശതമാനം മാർക്ക് നേടുന്നവർക്കു മാത്രമായി നാലാംവർഷ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. നാലുവർഷ ബിരുദ പ്രോഗ്രാം പ്രതിസന്ധി നേരിടുന്നത് കേരളത്തിൽ മാത്രമല്ലെന്നു ചുരുക്കം.
ഫണ്ടിങ്ങിലെ കാണാച്ചരട് ദേശീയ വിദ്യാഭ്യാസനയം– 2020 പ്രകാരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ 'പിഎം ഉഷ' പദ്ധതി നടപ്പായത് 2023 ജൂണിലാണ്. പദ്ധതിച്ചെലവിന്റെ 60% ആണ് കേന്ദ്രഫണ്ട്; 40% സംസ്ഥാനം വഹിക്കണം. ഫണ്ട് അനുവദിക്കണമെങ്കിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതായി കേന്ദ്രവുമായി സംസ്ഥാനം ധാരണാപത്രം ഒപ്പുവയ്ക്കണം. ഇങ്ങനെ ഒപ്പുവച്ചതായി അന്നത്തെ കേരള സർക്കാർ എവിടെയും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായ നാലുവർഷ ബിരുദ പ്രോഗ്രാം 2024-25ൽ ഇവിടെയും നടപ്പാക്കി. കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുകയും ചെയ്തു.
കേരള സർക്കാർ നിയമിച്ച ഡോ. ശ്യാം ബി. മേനോൻ കമ്മിറ്റി 2022 ജൂലൈയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനം സ്വന്തമായി ആവിഷ്കരിച്ച ഘടനാപരിഷ്കാരമായാണ് നാലുവർഷ ബിരുദം ഇവിടെ അവതരിപ്പിച്ചത്. എന്നാൽ, കേരളവും പിന്തുടരുന്നത് 2022 ഡിസംബറിൽ യുജിസി പുറത്തിറക്കിയ കരിക്കുലവും ക്രെഡിറ്റ് ഘടനയും ഉൾപ്പെട്ട ഫ്രെയിംവർക്ക് തന്നെയാണ്; ആദ്യ രണ്ടുവർഷം എക്സിറ്റ് സൗകര്യമില്ലാത്തതും നാലാംവർഷം ഘടനയിൽ വിവിധമാറ്റങ്ങൾ വരുത്തിയതുമാണ് വ്യത്യാസം.
പിഎം–ഉഷ ഫണ്ട് അനുവദിക്കാൻ കേന്ദ്രം മുന്നോട്ടുവച്ച പ്രധാനവ്യവസ്ഥ എടുത്തുപറയേണ്ടതുണ്ട്: അധ്യാപകർക്കു ശമ്പളം നൽകാൻ ഈ തുക വിനിയോഗിക്കാനാകില്ല. എന്നാൽ, നാലുവർഷ ബിരുദ പ്രോഗ്രാമിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ചെലവ് നാലാംവർഷ ക്ലാസുകളിൽ അധികമായി നിയോഗിക്കേണ്ടിവരുന്ന അധ്യാപകരുടെ ശമ്പളമാണ്. കേന്ദ്ര ബജറ്റുകളിലോ ഈ പ്രോഗ്രാം നാലാം വർഷത്തിലേക്കു കടന്ന 13 സംസ്ഥാനങ്ങളുടെ ബജറ്റുകളിലോ അധ്യാപകരുടെ ശമ്പളയിനത്തിൽ അധികതുക വകയിരുത്തിയിട്ടില്ല.
വിദ്യാർഥികളെ മേജർ ഡിപ്പാർട്മെന്റിൽനിന്നു കഴിയുന്നത്ര തള്ളിപ്പുറത്താക്കുന്ന തരത്തിൽ നാലാംവർഷത്തിന്റെ ഘടന രൂപകൽപന ചെയ്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം മേൽപറഞ്ഞതെല്ലാമാണ്. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത്തരം നയവൈകല്യങ്ങളുടെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങിയിട്ടുമുണ്ട്.
ക്രെഡിറ്റിലെ കളി മാനവിക– ഭാഷാ വിഷയങ്ങളുടെ ബിരുദപഠന വിഭാഗത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ മൂന്നുവർഷങ്ങൾ പരിഗണിച്ചാൽ പഴയ മൂന്നുവർഷ പ്രോഗ്രാമിനെ അപേക്ഷിച്ച് അധ്യാപകരുടെ ജോലിഭാരത്തിൽ 12 മണിക്കൂർ കുറവുണ്ടാകും. മേജർ–മൈനർ വിഷയങ്ങൾ മാത്രം പരിഗണിച്ചുള്ള കണക്കാണിത്. ഈ 12 മണിക്കൂർ മാത്രമെടുത്ത് നാലാംവർഷം മൂന്നു മേജർ കോഴ്സുകൾ (ആകെ 12 ക്രെഡിറ്റ്) പഠിപ്പിക്കുക എന്ന എളുപ്പവഴിയാണ് കേരളത്തിൽ നടപ്പാക്കിയത്. ആകെ വേണ്ടത് 44 ക്രെഡിറ്റാണെന്ന് ഓർക്കുക. ക്ലാസ് മുറിയുടെ ഇടുങ്ങിയ ചുമരുകൾക്കുള്ളിൽനിന്ന് ഓൺലൈൻ കോഴ്സുകളുടെയും ഇന്റേൺഷിപ്പുകളുടെയും വിശാല ആകാശത്തേക്കു വിദ്യാർഥികളെ പറത്തിവിടുകയാണെന്ന് ആലങ്കാരികമായി പറയാമെങ്കിലും, 'ബാക്കി 32 ക്രെഡിറ്റ് എങ്ങനെയെങ്കിലും ഉണ്ടാക്കിക്കോ' എന്നു നിർദയം പറയുന്നതിനു തുല്യമാണ് ഇപ്പോഴത്തെ സ്ഥിതി. ഭാവിതലമുറയെ കേരളം കയ്യൊഴിയുന്നു.
എന്തു ചെയ്യണം? നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ നടത്തിപ്പിന് ആവശ്യമായ ക്ലാസ് മുറികൾ, ലാബ് എന്നിങ്ങനെയുള്ള പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനും അധികമായി വേണ്ടിവരുന്ന അധ്യാപകരുടെ നിയമനത്തിനും, സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തികവിഹിതം കേന്ദ്രം നൽകുകതന്നെ വേണം. സംസ്ഥാന സർക്കാരുകൾ കൂട്ടായി ഈ ആവശ്യം നിരന്തരം ഉന്നയിക്കേണ്ടതുണ്ട്. നാലുവർഷ ബിരുദം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പരിഷ്കാരമാണെന്നും ഓർക്കുക. കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കുന്നതുവരെ സ്വന്തം വിദ്യാർഥികൾക്ക് അനിവാര്യമായി വേണ്ടതു ചെയ്യില്ലെന്നു നിലപാട് സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതും തെറ്റാണ്.
മേജർ വിഷയത്തിൽ വിദ്യാർഥികൾക്കു മികച്ച അടിത്തറയൊരുക്കാൻ പര്യാപ്തമായത്ര അധ്യാപകരെ നിയോഗിക്കാൻ സർക്കാർ തയാറായാൽ സാമ്പത്തികപരിമിതികൾ രൂപപ്പെടുത്തിയ ഇപ്പോഴത്തെ നാലാംവർഷ ഘടന മാറ്റാവുന്നതേയുള്ളൂ.
നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ തസ്തികകൾ നഷ്ടപ്പെടുമെന്ന ഭയത്തിൽ, അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടതനുസരിച്ച്, 2024 ജൂൺ 29ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുപ്രകാരം, നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കുന്ന 2028 വരെ കോളജുകളിലെ തസ്തികകളും ജോലിഭാരവും ലോക്ക് ചെയ്തുവച്ചിരിക്കുകയാണ്. ഈ ലോക്കാണ് ആദ്യം അഴിക്കേണ്ടത്. നാലാംവർഷ ഘടന പുതുക്കാനും അതനുസരിച്ച് ആവശ്യമായത്ര ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനും സർക്കാർ തയാറാകണം. വരുംവർഷങ്ങളിൽ ഒഴിവുകൾ വിലയിരുത്തി സ്ഥിരനിയമനങ്ങളും നടത്തണം.
ഒരു ഏകദേശ കണക്ക് കേരളത്തിൽ നാലാംവർഷ ക്ലാസുകളിലേക്ക് എത്ര ഗെസ്റ്റ് അധ്യാപകർ വേണ്ടിവരും? നാലാംവർഷ ഘടനയും കോഴ്സുകളും കഴിയുന്നത്ര രണ്ടുവർഷ പിജി പ്രോഗ്രാമിന്റെ ഒന്നാം വർഷത്തേതിനു സമാനമാക്കിയാൽ ഇരുവിഭാഗം വിദ്യാർഥികളെയും ഒരേ ക്ലാസിൽ ഇരുത്താം. എങ്കിൽ ബിരുദാനന്തരബിരുദ പ്രോഗ്രാമുള്ള പഠന വിഭാഗത്തിൽ അധിക അധ്യാപകരെ കണ്ടെത്തേണ്ടതില്ല. (സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിന് ഒന്നിലധികം ബാച്ചുകൾ വേണ്ടിവന്നേക്കുമെങ്കിലും ഒരു വർഷത്തേക്ക് ഇതു പരിഗണിക്കേണ്ടെന്നു വയ്ക്കാം).
അങ്ങനെയെങ്കിൽ ബിരുദ പ്രോഗ്രാം മാത്രമുള്ള പഠനവിഭാഗങ്ങളിലാണ് കൂടുതലായി അധ്യാപകർ വേണ്ടത്. കൃത്യമായ എണ്ണം വിശദമായി പഠിച്ചു കണ്ടെത്തേണ്ടതാണെങ്കിലും, ഏകദേശ ധാരണയ്ക്ക് രണ്ടു വർഷ പിജി പ്രോഗ്രാമിന്റെ ഒന്നാംവർഷത്തെ അതേ ജോലിഭാരമെന്നു കണക്കുകൂട്ടി നോക്കാം. 2024 ജൂണിൽ യുജിസി പ്രസിദ്ധീകരിച്ച പിജി കരിക്കുലം ഫ്രെയിംവർക്ക് പ്രകാരം കോഴ്സുകളും ക്രെഡിറ്റും കണക്കാക്കാം. ഓണേഴ്സ് ട്രാക്കിൽ പരമാവധി 40 ക്രെഡിറ്റുകൾ മേജർ കോഴ്സുകളിൽനിന്നാകാം; ശേഷിക്കുന്ന 4 ക്രെഡിറ്റ് മൈനർ കോഴ്സിൽനിന്നും.
അങ്ങനെ വരുമ്പോൾ, നാലാംവർഷത്തെ ജോലിഭാരം, ഒന്നാംവർഷ പിജിയിലേതുപോലെ, ഒരു സയൻസ് വിഷയത്തിൽ ആഴ്ചയിൽ 25 മണിക്കൂർ. ഇതാണ് ഒരു പിജി പ്രോഗ്രാമിലെ പരമാവധി ജോലിഭാരം (പ്രാക്ടിക്കലിന്റെ അധിക ബാച്ച് പരിഗണിക്കാതിരുന്നാൽ). ഇങ്ങനെ കണക്കാക്കിയാൽ, നാലാംവർഷം ഒരു സയൻസ് ബിരുദപഠന വിഭാഗത്തിൽ 16 മണിക്കൂർ ജോലിഭാരവും 9 മണിക്കൂർ ജോലിഭാരവുമുള്ള രണ്ട് ഗെസ്റ്റ് അധ്യാപകർ വേണ്ടിവരുന്നു.
കേരളത്തിൽ 230 ആർട്സ് ആൻഡ് സയൻസ് കോളജുകളിലാണ് നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പാക്കിയിട്ടുള്ളത്; ഗവ. കോളജുകൾ 66, എയ്ഡഡ് കോളജുകൾ 164.
ബിരുദം മാത്രമുള്ള പഠനവകുപ്പുകൾ ഒരു കോളജിൽ ശരാശരി 4 എന്നെടുക്കാം. എങ്കിൽ, 230 x 4 = 920. നമുക്ക് ശമ്പളച്ചെലവിന്റെ പരമാവധിയാണല്ലോ വേണ്ടത്; 920 എന്നതിനു പകരം 1000 ബിരുദപഠന വകുപ്പുകളെന്നു കണക്കുകൂട്ടാം. നെറ്റ് / പിഎച്ച്ഡി ഉള്ള ഒരു ഗെസ്റ്റ് അധ്യാപികയ്ക്ക് ദിവസം 2300 രൂപ നിരക്കിൽ, ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം കണക്കാക്കിയാൽ, പരമാവധി 52,000 രൂപയാണ് ഒരു മാസത്തെ പ്രതിഫലം. ആഴ്ചയിൽ 9 മണിക്കൂർ ജോലിഭാരമുള്ള ഗെസ്റ്റ് അധ്യാപിക ആഴ്ചയിൽ പരമാവധി 4 ദിവസം ജോലിക്കു വരുന്നുവെന്നു കണക്കാക്കിയാൽ, ഒരു മാസം പരമാവധി 17 ദിവസം. പ്രതിഫലം 2300 x 17 = 39,100 രൂപ. അപ്പോൾ ഒരു ബിരുദപഠന വകുപ്പിൽ 2 ഗെസ്റ്റ് അധ്യാപകർക്ക് ഒരു മാസം നൽകേണ്ട ശമ്പളം 91,100 ആയിരിക്കും. കേരളത്തിലാകെ, 1000 ബിരുദപഠന വിഭാഗങ്ങളിലായി ഒരു മാസം നൽകേണ്ട ശമ്പളം 9.11 കോടി രൂപ. ജൂൺ മുതൽ മാർച്ച് വരെ 10 മാസത്തെ ശമ്പളച്ചെലവ് 91.1 കോടി രൂപ. ഇതു പരമാവധി കണക്കാണ്. ശരിക്കും വേണ്ടിവരുന്ന തുക 70 കോടിയോ അതിലും കുറവോ ആയിരിക്കാം.
ഭാവിതലമുറയ്ക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇത് അത്ര കനത്ത ബാധ്യതയാണോ? വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവുമെല്ലാം ഉറക്കെച്ചോദിക്കേണ്ട ചോദ്യമാണിത്. പുറത്താക്കലല്ല, ചേർത്തുപിടിക്കലാണ് നമ്മുടെ കുട്ടികൾ അർഹിക്കുന്നത്.
(വടകര മടപ്പള്ളി ഗവ.കോളജ് ഫിസിക്സ് വിഭാഗം അധ്യാപകനായ ലേഖകൻ കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ചട്ടങ്ങൾ തയാറാക്കിയ കമ്മിറ്റിയിലും നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സ്റ്റിയറിങ് കമ്മിറ്റിയിലും അംഗമായിരുന്നു).
(0)കമന്റുകൾ