കാസർകോട്: സംസ്ഥാനത്ത് ഷിഗല്ല നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആരും അപകട നിലയിൽ ഇല്ല. പലയിടങ്ങളിലും കുടിവെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത്. നിർദേശങ്ങൾ നൽകിയിട്ടും ചില പൊതു ചടങ്ങുകളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്ന് ഉറപ്പുവരുത്തുമെന്നും വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എസ്എംഎ രോഗികൾക്ക് ഇന്ത്യയിൽ നിർമ്മിക്കുന്ന, പരീക്ഷിച്ചു വിജയിച്ച, മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. 12 വയസ് വരെ നിലവിൽ സൗജന്യമായി നൽകുന്നുണ്ട്. ഇത് എല്ലാ എസ്എംഎ രോഗികൾക്കും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയെ സംബന്ധിച്ച് ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മുൻതൂക്കമുണ്ടാകും. പലപ്പോഴും ഈ ജില്ലയിലേക്ക് തസ്‌തികകൾ അനുവദിച്ചിട്ട് പോലും ഡോക്‌ടർമാരുടെ അഭാവമുണ്ട്. ഏകദേശം 94ഓളം ഡോക്‌ടർമാരുടെ തസ്‌തികകളിലേക്ക് അഭിമുഖത്തിനായി ആളുകൾ വന്നു. അവരെയെല്ലാം നിയോഗിച്ചെങ്കിലും ജോലിക്കായി എത്തിയത് വെറും 34 പേർ മാത്രം. അങ്ങനെയുള്ള പരിമിതികളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ജോലി ലഭിക്കുന്ന ഡോക്‌ടർമാർക്ക് രണ്ട് വർഷത്തേക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റം വേണ്ട എന്ന തത്വത്തിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ നിലവിൽ ആശുപത്രിയിൽ നടക്കുന്ന പണി പെട്ടന്ന് പൂർത്തീകരിച്ച് ഒരു വർഷം കൊണ്ട് പൂർണ മെഡിക്കൽ കോളജാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കണ്ണൂരിലെ ചികിത്സാ പിഴവ് സംബന്ധിച്ച മനുഷ്യാവകാശ കമ്മിഷൻ്റെ പ്രതികരണത്തിൽ ഉത്തരവ് തള്ളാനും കൊള്ളാനും ആവില്ലെന്ന് മന്ത്രി പറഞ്ഞു. ഡോക്‌ടർമാരുടെ യോഗ്യതകളെല്ലാം പരിശോധിക്കാനണല്ലോ ഇൻ്റർവ്യൂ നടത്തുന്നത്. മനുഷ്യാവകാശ കമ്മിഷൻ്റെ പല കണ്ടെത്തലുകളും പരിശോധിക്കാം. പക്ഷെ ഡോക്‌ടർമാർ ക്വാളിഫിക്കേഷൻ ഇല്ലാത്തവരാണെന്ന് പറയുമ്പോൾ അതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്തും കോഴിക്കോടും ഷിഗല്ല
കഴിഞ്ഞ ദിവസം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഷിഗല്ല വിഭാഗത്തില്‍ പെട്ട ബാക്‌ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗല്ലോസിസ് എന്ന് അറിയപ്പെടുന്നത്. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. വയറിളക്കമാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണം.
മലിനമാക്കപ്പെട്ട ഭക്ഷണങ്ങളായ പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഷിഗല്ല ബാധയുണ്ടാകാം. ശീതികരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്‌തുക്കളില്‍ ഷിഗല്ല ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ട്.
(0)കമന്റുകൾ