റിയാദ്: തീർഥാടകർക്ക് സേവനമെത്തിക്കുന്ന 'ഗസ്റ്റ് ഓഫ് ഗോഡ് പദ്ധതി' 90 ശതമാനം ലക്ഷ്യം മറികടന്നതായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ അറിയിച്ചു. ജിദ്ദയിൽ നടന്ന ഹജ്ജ് കോൺഫറൻസ് ആന്റ് എക്സിബിഷനിലെ "തീർഥാടക സേവനം: സംയോജിത ദേശീയ സംവിധാനം" എന്ന ചർച്ചാ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിത്. തീർഥാടകരുടെ വരവ് സുഗമമാക്കുക, അവർക്ക് ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുക, അവരുടെ മതപരവും സാംസ്കാരികവുമായ അനുഭവങ്ങളെ സമ്പന്നമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉംറ തീർഥാടകരുടെ എണ്ണം, ഹജ്ജ്-ഉംറ തീർഥാടകരുടെ അനുഭവം, ചരിത്രപരവും ഇസ്ലാമികവും സാംസ്കാരികവുമായ സ്ഥലങ്ങളുടെ എണ്ണം എന്നിവ അളക്കുന്നതിനുള്ള സൂചികകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സമഗ്ര പദ്ധതി തയ്യാറാക്കി പ്രവർത്തനക്ഷമത വിലയിരുത്തുകയും ഹജ്ജ്-ഉംറ പ്രൊജക്റ്റുകൾ നിയന്ത്രിക്കാനുള്ള സംവിധാനം രൂപീകരിക്കുകയും ചെയ്തതിൻ്റെ ഫലങ്ങൾ ഇപ്പോൾ പ്രായോഗികതലത്തിൽ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(0)കമന്റുകൾ