കഠിനമായ ശൈത്യകാലത്ത്, മഞ്ഞുകാറ്റേറ്റ് വിറച്ച് ഇലക്ട്രിക് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് എത്തുന്ന ജീവനക്കാരെക്കുറിച്ചുള്ള കാഴ്ച ഏതൊരു തൊഴിലുടമയുടെയും കണ്ണിൽപ്പെടാം. എന്നാൽ അവരുടെ പ്രയാസം തിരിച്ചറിഞ്ഞ്, കോടികൾ വിലമതിക്കുന്ന അത്യാധുനിക ആഡംബര കാറുകൾ സമ്മാനമായി നൽകുന്ന ഉടമകൾ അപൂർവങ്ങളിൽ അപൂർവമാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നാണ് മനുഷ്യത്വത്തിന്റെയും ഉദാരതയുടെയും ഹൃദയസ്പർശിയായ ഈ സംഭവം പുറത്തുവരുന്നത്.
ചൈനയിലെ ജിയാവോസു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ബീഫ് ഹോട്ട്‌പോട്ട് റസ്റ്ററന്റ് ശൃംഖലയുടെ ഉടമയാണ് മാ യാൻലി. കഴിഞ്ഞ ശൈത്യകാലത്ത് ഒരു ദിവസം രാവിലെ മാ തന്റെ റസ്റ്ററന്റിലേക്ക് എത്തുമ്പോഴാണ് എട്ടു വർഷമായി തന്നോടൊപ്പം ജോലി ചെയ്യുന്ന ലി ജി എന്ന ജീവനക്കാരിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത്.
കഠിനമായ തണുപ്പിൽ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് എത്തിയ ലിയുടെ മുഖം തണുപ്പ് കാരണം ചുവന്നു തുടുത്തിരുന്നു. തണുത്ത കാറ്റേറ്റ് കാതുകൾ വയലറ്റ് നിറമാകുകയും കൈകൾ തണുത്തുറഞ്ഞ് മരവിച്ചുപോവുകയും ചെയ്ത അവസ്ഥയിലായിരുന്നു അവർ.
സ്വന്തം കാറിലിരുന്ന് സുഖകരമായ ചൂടിലും അന്തരീക്ഷത്തിലും യാത്ര ചെയ്തെത്തിയ മാ യാൻലിയെ ഈ കാഴ്ച ആഴത്തിൽ ചിന്തിപ്പിച്ചു. 'എനിക്ക് കാറിന്റെ സുഖസൗകര്യങ്ങളിലും ചൂടിലും യാത്ര ചെയ്യാമെങ്കിൽ, എന്തുകൊണ്ട് എന്റെ ജീവനക്കാർക്ക് അതിന് സാധിച്ചുകൂടാ?', എന്ന ചോദ്യം മായുടെ മനസ്സിലുയർന്നു. ആ ഒറ്റ ചിന്തയാണ് തങ്ങളുടെ സ്ഥാപനത്തിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് കാറുകൾ സമ്മാനിക്കണമെന്ന തീരുമാനത്തിലേക്ക് അവരെ നയിച്ചത്.
∙ 'മീറ്റിങ്ങിന് പോകാം' എന്ന് പറഞ്ഞ് ഡീലർഷിപ്പിലേക്ക്... കഴിഞ്ഞ സെപ്റ്റംബർ 24-നായിരുന്നു സംഭവം. ഒരു ഔദ്യോഗിക മീറ്റിങ്ങിൽ പങ്കെടുക്കാനെന്ന വ്യാജേന മാ യാൻലി തനിക്കൊപ്പം രണ്ട് മികച്ച ജീവനക്കാരെ കൂട്ടി ബിഎംഡബ്ല്യു ഡീലർഷിപ്പിലേക്ക് പോയി. അവിടെയെത്തിയപ്പോൾ മാത്രമാണ് തങ്ങളെ കാത്തിരുന്ന വലിയ അദ്ഭുതം ജീവനക്കാർ തിരിച്ചറിഞ്ഞത്. തങ്ങളുടെ പേരിലേക്ക് റജിസ്റ്റർ ചെയ്യാൻ പോകുന്ന പുത്തൻ ബിഎംഡബ്ല്യു കാറുകൾ അവിടെ അവരെ കാത്തുകിടപ്പുണ്ടായിരുന്നു!
സൗത്ത് ചൈന മോർണിങ് പോസ്റ്റ്, ഹെനാൻ ടിവി എന്നിവയുടെ റിപ്പോർട്ട് പ്രകാരം, ഓരോ ബിഎംഡബ്ല്യു കാറിനും ഏകദേശം 300,000 ചൈനീസ് യുവാൻ (ഏകദേശം 43 ലക്ഷം ഇന്ത്യൻ രൂപ) വീതമായിരുന്നു വില. കാറുകൾ കൈമാറുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ മാ യാൻലി അവയുടെ മുഴുവൻ തുകയും അടച്ചുതീർത്തിരുന്നു. കാറുകൾ നൽകിയതിന് പകരമായി ജീവനക്കാരിൽ നിന്ന് പണമോ യാതൊരുവിധ കരാറുകളോ സാമ്പത്തിക നിബന്ധനകളോ അവർ ആവശ്യപ്പെട്ടതുമില്ല.
∙ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സമ്മാനം റസ്റ്ററന്റിലെ മുതിർന്ന ജീവനക്കാരിയായ ലി ജിക്ക് ലഭിച്ചത് ഒരു പുത്തൻ വെള്ള ബിഎംഡബ്ല്യു കാറാണ്. അന്നേദിവസം തന്നെ കാർ ലിയുടെ പേരിൽ റജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തു.
'എനിക്ക് അതിയായ സന്തോഷമുണ്ട്! ഇങ്ങനെ ഒരു വലിയ സമ്മാനം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല', ലി ജി പറഞ്ഞു. 'ബിഎംഡബ്ല്യു ഷോറൂമിലേക്കുള്ള യാത്രാമധ്യേ, എനിക്കൊരു വലിയ കളിപ്പാട്ടം സമ്മാനമായി നൽകുമെന്ന് ബോസ് പറഞ്ഞിരുന്നു', ലി ഓർത്തെടുക്കുന്നു.
മറ്റൊരു പ്രമുഖ ജീവനക്കാരിയായ ലിയു യിങ്‌യിങ്ങിന് ലഭിച്ചത് സ്റ്റൈലിഷ് ഗ്രേ നിറത്തിലുള്ള ബിഎംഡബ്ല്യു കാറാണ്. 'നിങ്ങൾ സ്ഥാപനത്തിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ബോസ് എന്നോട് പറഞ്ഞു. ഈ കാറിന് നിങ്ങൾ പൂർണമായും അർഹയാണെന്നാണ് അവർ പറഞ്ഞത്', ലിയു സന്തോഷത്തോടെ കൂട്ടിച്ചേർത്തു.
∙ വിജയത്തിന്റെ ഫലം ജീവനക്കാർക്കും അർഹതപ്പെട്ടതാണ് വ്യക്തിഗത മികവിനുള്ള സമ്മാനം എന്നതിലുപരി, സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ ഉദാരമായ നടപടിയെന്ന് മാ യാൻലി വ്യക്തമാക്കി.
'എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ വിജയം കൈവരിച്ചിട്ടുണ്ടെങ്കിൽ, അതിന് കാരണം എന്റെ എല്ലാ ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ്. അതിനാൽ, കമ്പനി നേടുന്ന വിജയത്തിന്റെയും വളർച്ചയുടെയും പ്രയോജനം ജീവനക്കാർക്കും ലഭിക്കണം' മാ പറയുന്നു.
മുൻപും പരമ്പരാഗത ചൈനീസ് ആഘോഷവേളകളിൽ ജീവനക്കാർക്ക് നിത്യോപയോഗ സാധനങ്ങളും പണമായുള്ള ബോണസുകളും ഉദാരമായി നൽകുന്ന ശീലം മാ യാൻലിക്കുണ്ടായിരുന്നു.
∙ ഉദാരമനസ്കരായ തൊഴിലുടമകളുടെ സംസ്‌കാരം ചൈനയിലെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന, ജീവനക്കാരെ ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകി പ്രോത്സാഹിപ്പിക്കുന്ന രീതിയുടെ ഭാഗമായാണ് ഈ സംഭവവും നോക്കിക്കാണുന്നത്. ഹെനാൻ സ്വദേശിയായ പ്രമുഖ വ്യവസായി കുയി പെയിജുൻ തന്റെ ജീവനക്കാർക്ക് വലിയ തുക ബോണസായും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളായും നൽകി വാർത്തകളിൽ ഇടംപിടിച്ച സംഭവം സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ മാതൃക തന്നെയാണ് മാ യാൻലിയും ഇവിടെ പിന്തുടരുന്നത്.
(0)تبصرے