ഗ്രാമീണ തൊഴിൽദിനങ്ങൾ കുത്തനെ ഇടിഞ്ഞു

ഗ്രാമീണ തൊഴിൽദിനങ്ങൾ കുത്തനെ ഇടിഞ്ഞു
View on original source
Category: Financial
Share
Archive
Like
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റവും പുതിയ കേന്ദ്ര നയങ്ങളും കേരളത്തിലെ ഗ്രാമീണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു. പദ്ധതിയുടെ പേര് മാറിയതിന് പിന്നാലെ സംസ്ഥാനത്ത് തൊഴിൽ ആവശ്യകതയും ലഭിച്ച തൊഴിൽദിനങ്ങളും കുത്തനെ ഇടിഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവനോപാധിയെ പ്രതികൂലമായി ബാധിക്കുന്ന ഈ മാറ്റങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുപകരം കേന്ദ്രസർക്കാർ വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവികാ മിഷൻ ഗ്രാമീൺ (വിബി ജി ആർഎഎം ജി) പദ്ധതി നടപ്പാക്കിയശേഷം ആദ്യ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 54,93,654 തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടു. പദ്ധതി നടപ്പിലാക്കിയ 2026 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ആകെ 67,48,269 തൊഴിൽദിനങ്ങൾ മാത്രമാണ് സൃഷ്ടിക്കാൻ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ 1,22,41,923 തൊഴിൽദിനങ്ങൾ ലഭിച്ചിരുന്നു. നിലവിൽ ഒരു ദിവസത്തെ കൂലി 401 രൂപയാണെങ്കിലും, തൊഴിൽദിനങ്ങൾ ഇല്ലാതാകുന്നത് തൊഴിലാളികളെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നു. പുതിയ പദ്ധതി പ്രകാരം 318 ഇനം പ്രവൃത്തികളുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, മുൻകാലത്തേതുപോലെ അവ തൊഴിലാളി സൗഹൃദമാക്കാൻ പഞ്ചായത്തുകൾക്ക് കഴിയുന്നില്ല. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് പുതിയ പദ്ധതിയിലെ പ്രവൃത്തികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ശക്തമായ കാലവർഷം, കേന്ദ്ര ഫണ്ടുകൾ അനുവദിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ, മസ്റ്റർ റോൾ ക്രമീകരണങ്ങളിലെ കടുത്ത നിബന്ധനകൾ, വ്യക്തതയില്ലാത്ത പുതിയ മാർഗനിർദേശങ്ങൾ എന്നിവ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വലിയ തിരിച്ചടിയായി. നൂറുദിനങ്ങള്‍ക്ക് പകരം 125 ദിവസം തൊഴിൽ ലഭിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്നാൽ പേരുമാറ്റത്തിന്റെ പകിട്ടിൽ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയാണെന്നാണ് വിമർശനം. നിലവിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ ഭൂരിഭാഗവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. തൊഴിലാളികളുടെ കൈകളിൽനിന്ന് തൊഴിൽ അവസരങ്ങൾ വഴുതിപ്പോകുന്ന ഈ സാഹചര്യം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് എൻആർഇജി ഡബ്ല്യുഎഫ് (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ അനിമോൻ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി നൽകുന്ന ഗ്യാരന്റി കാർഡിന്റെ കാലാവധി മൂന്നുവർഷമാണ്. മസ്റ്റർ റോൾ ക്ലോസ് ചെയ്ത് 15 ദിവസത്തിനകം കൂലി കിട്ടിയില്ലെങ്കിൽ 16-ാം ദിവസം മുതൽ 0. 05% നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെങ്കിലും, തൊഴിൽദിനങ്ങൾ തന്നെ ലഭിക്കാത്ത അവസ്ഥയിൽ ഈ വ്യവസ്ഥകൾ കൊണ്ട് തൊഴിലാളികൾക്ക് എന്തുഗുണമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്. വരും മാസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തൊഴിൽ വിന്യസിക്കുകയും സാങ്കേതിക തടസങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിലെ ഗ്രാമീണ മേഖല വലിയൊരു സാമ്പത്തിക തകർച്ചയെ നേരിടേണ്ടിവരും.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.