തിരുവനന്തപുരം: ഏതൊക്കെ തിരക്കഥ വെച്ച് ഏത് ആംഗിളിൽ കൊണ്ടുപോയാലും നിരപരാധികൾ നിരപരാധികളാണെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. മാസപ്പടിയുമായി ബന്ധപ്പെട്ട് തനിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ കേസെടുക്കണമെന്ന ഇ.ഡി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏത് അന്വേഷണവും നടക്കട്ടെയെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഇ.ഡിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ റിയാസ് നീക്കങ്ങൾക്ക് പിന്നിലെ തിരക്കഥ മോശമല്ലെന്നും പരിഹസിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല. മനുഷ്യന്‍റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കുറച്ച് കാലമായി നടക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. വിഷയത്തിൽ കേസെടുക്കണോയെന്ന് യു.ഡി.എഫ് സർക്കാർ തീരുമാനിക്കട്ടെയെന്നും റിയാസ് കൂട്ടിച്ചേർത്തു. പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കത്ത് നൽകിയിരുന്നു.
ചൊവ്വാഴ്ച കത്ത് കിട്ടിയതായി സ്ഥിരീകരിച്ച ഡി.ജി.പി, ഇ.ഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം സർക്കാറുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66 (2) വകുപ്പ് പ്രകാരം കേസിൽ ഇതുവരെ ഇ.ഡി ശേഖരിച്ച തെളിവുകളും മൊഴികളും ഉൾപ്പെടുത്തി ഡി.ജി.പിക്ക് സമർപ്പിച്ച 25 പേജ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ് കുമാർ നടത്തിയ കുറ്റസമ്മത പ്രകാരം, പിണറായി വിജയൻ സി.എം.ആർ.എല്ലിൽനിന്ന് വീണ വഴി കൈക്കൂലിയായി 3.28 കോടി കൈപ്പറ്റിയെന്ന് പറയുന്നു. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങി ഈ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചു.
കൈക്കൂലി വാങ്ങാനും മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായിയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചത് വീണ ആണെന്നാണ് റിപ്പോർട്ടിലെ പരാമർശം. കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് പേർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത കൈക്കൂലി നൽകുകയും പി. സുരേഷ് കുമാർ അതിന് കൂട്ടുനിൽക്കുകയും ചെയ്തതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് കമ്പനി വഴിയാണ് കൈക്കൂലി പണം കൈമാറിയതെന്നും വി.പി. ഫൈജാസ്, എം. നന്ദുലാൽ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ് എന്നിവരാണ് ഇതിന് വീണയെയും റിയാസിനെയും സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
(0)Comments