തിരുവനന്തപുരം:
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കുള്ള സ്വയംതൊഴിൽ സംരംഭ വായ്പയുടെ സബ്‌സിഡി തുകയിൽ ക്രമക്കേട് കാണിച്ച കേസിൽ എട്ടാം പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം സ്വദേശിനി എൽ. ബിന്ദുവിനെയാണ് (47) പിടി കൂടിയത്. മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 36 ലക്ഷം രൂപയെത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്‌സിഡിയായി അനുവദിച്ച 1.26 കോടി രൂപ യഥാർഥ ഗുണഭോക്താക്കൾക്ക് നൽകാതെയാണ് സംഘം തട്ടിയെടുത്തത്. തുക വിതരണം ചെയ്തതായി വ്യാജ രേഖകൾ ചമച്ച ശേഷം, ഫണ്ട് സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ പ്രവീൺ രാജ്, മുൻ എസ്‌സി പ്രമോട്ടർമാരായ എസ്. സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരമെഴുത്തുകാരൻ സുരേഷ് ബാബു എന്നിവരെ വിജിലൻസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ബിന്ദുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
(0)Comments