തിരുവനന്തപുരം: നവംബർ 30 വരെ അധിക കാലാവധി ലഭിച്ച ഹയർ സെക്കൻഡറി അദ്ധ്യാപക റാങ്കു പട്ടികകളിലടക്കം നിയമനം ഇഴയുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ അധിക കാലാവധി കിട്ടിയിട്ടും ഫലമുണ്ടാകുന്നില്ലെന്നാണ് ഉദ്യോഗാത്ഥികളുടെ പരാതി. റാങ്ക്‌പട്ടിക നിലവിലുള്ളപ്പോൾ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കരുതെന്ന് വ്യവസ്ഥ നിലനിൽക്കെയും മിക്ക സ്കൂളുകളിലും പ്രധാന വിഷയങ്ങളിൽ പോലും ഗസ്റ്റ് അദ്ധ്യാപകരാണ് പഠിപ്പിക്കുന്നതെന്നാണ് പരാതി.
വിരമിക്കുന്നതിന് ആനുപാതികമായി നിയമനങ്ങൾ നടക്കാത്തതാണ് നിലവിലെ പ്രതിസന്ധി. തസ്തികകൾ നിർണയിച്ചെങ്കിലും നിയമനങ്ങൾ നടക്കുന്നില്ല. നിലവിലുള്ള 30 വിഷയങ്ങളുടെ റാങ്കുപട്ടികകളിൽനിന്ന് ഇതുവരെ 920 നിയമനശുപാർശകൾ മാത്രമാണ് നടന്നത്. അതിൽ മിക്ക റാങ്കുപട്ടികകളും മാസങ്ങൾക്കുള്ളിൽ മൂന്നുവർഷ കാലാവധി തികച്ച് റദ്ദാകാനുള്ളതാണ്.
2019-ൽ പ്രസിദ്ധീകരിച്ച ബോട്ടണി റാങ്ക്പട്ടികയിൽനിന്ന് 99 പേർക്ക് നിയമനശുപാർശ ലഭിച്ച സ്ഥാനത്ത് ഇത്തവണ 74 പേർക്ക് മാത്രമാണ് ശുപാർശ കിട്ടിയത്. ഹിസ്റ്ററിക്ക് 2019-ൽ പ്രസിദ്ധീകരിച്ച റാങ്ക്‌പട്ടികയിൽ നിന്ന് 73 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. ഇത്തവണ 50 നിയമനശുപാർശ മാത്രം.
പൊളിറ്റിക്സ‌് സീനിയർ,മാത്തമാറ്റിക്സ് സീനിയർ, ഹിസ്റ്ററി സീനിയർ, സ്റ്റാറ്റിസ്റ്റിക്സ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ, ഇസ്ലാമിക് ഹിസ്റ്ററി ജൂനിയർ, സൈക്കോളജി ജൂനിയർ, തമിഴ്, സോഷ്യൽ വർക്ക്, ഫിലോസഫി, മലയാളം ജൂനിയർ, ഉർദു എന്നിവയ്ക്കും കാര്യമായ നിയമനശുപാർശ നടന്നിട്ടില്ല. മലയാളം ജൂനിയറിന് ഇതുവരെ ഒരാൾക്ക് മാത്രമാണ് നിയമന ശുപാർശ നൽകിയത്. ആവശ്യത്തിന് വിദ്യാർത്ഥികളും ബാച്ചുകളും ഉണ്ടായിട്ടും അദ്ധ്യാപക തസ്തിക സൃഷ്ടിക്കാത്ത സ്കൂളുകൾ ഏറെയുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
(0)Comments