തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ട് അപൂർണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകൾ കരടിൽ നിന്നും ഒഴിവാക്കിയതാണ് രൂക്ഷ വിമർശനത്തിനിടയാക്കിയത്.
സംഘടനാ വീഴ്ചകളിൽ പരാമർശമില്ലാതെയാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്. പയ്യന്നൂരിലെയും, തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഭവിച്ച പാളിച്ചകൾ ഉൾപ്പെടുത്തിയിട്ടില്ല. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ട് പോരെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിലുണ്ടായ പൊതുവായ വീഴ്ച മാത്രമാണ് പരാമർശിക്കുന്നത്. പ്രവർത്തന റിപ്പോർട്ട് മാതൃകയിൽ തയ്യാറാക്കിയ റിപ്പോർട്ടുമായി മുന്നോട്ട് പോകാനാകില്ല. വീഴ്ച ചൂണ്ടിക്കാട്ടാത്ത റിപ്പോർട്ടിൽ എങ്ങനെ തിരുത്തൽ വരുത്താനാവുമെന്ന് അംഗങ്ങൾ ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലെ പരാമർശങ്ങളും ഉൾക്കൊള്ളിച്ചിട്ടില്ല. പാർട്ടിക്കും വർഗ ബഹുജന സംഘടനകൾക്കും വീഴ്ചയുണ്ടായെന്ന പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്.
പറഞ്ഞ കാര്യങ്ങളുടെ ആവർത്തനമാണ് റിപ്പോർട്ടിലെന്നും, സാമ്പ്രദായിക സമീപനം ഇനി പറ്റില്ലെന്നും എം.ബി.രാജേഷ്
പറഞ്ഞു.ടി.വി. രാജേഷ്, എൻ.എൻ കൃഷ്ണദാസ്, പി.ജയരാജൻ, ജെ.മേഴ്സിക്കുട്ടിഅമ്മ എന്നിവരും റിപ്പോർട്ടിനെ വിമർശിച്ചു. ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജന ബന്ധം മെച്ചപ്പെടുത്തണം തുടങ്ങി പതിവ് കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതു കൊണ്ടൊന്നും ഇപ്പോഴത്തെ തിരിച്ചടി മറികടക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന് അനുസൃതമായി കരട് റിപ്പോർട്ട് മാറ്റണമെന്നും ആവശ്യമുയർന്നു. 20 അംഗങ്ങളാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്.
(0)Comments