കണ്ണൂർ: കണ്ണൂർ നഗരം കീഴടക്കി കന്നുകാലികൾ. നഗരത്തിലെത്തുന്നവരും കച്ചവടക്കാരും കന്നുകാലി ശല്യത്താൽ പൊറുതിമുട്ടുകയാണ്. രാവിലെ കടകൾ തുറക്കുന്നതിനു മുന്നെ പല കച്ചവടക്കാർക്കും കന്നുകാലി വിസർജ്യം കഴുകിക്കളയേണ്ട സ്ഥിതിയാണ്. യാത്രക്കാർക്കും ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വിസർജ്യം ചവിട്ടി പണികിട്ടുന്ന അവസ്ഥയാണ്.
പഴയ ബസ് സ്റ്റാൻഡ്, യോഗശാല റോഡ്, എസ്.പി.സി.എ റോഡ്, എൽ.ഐ.സി റോഡ്, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിൽ ഏതുനേരവും നാൽക്കാലികളെ കാണാം. കാൽടെക്‌സിലെ നടപ്പാതകളിലെല്ലാം വൈകുന്നേരങ്ങളിൽ കന്നുകാലി ശല്യം രൂക്ഷമാണ്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മുൻ വശത്ത് കന്നുകാലികൾ വിസർജിക്കുന്നത് പതിവാണ്. കാൾടെക്‌സ്, പഴയ ബസ് സ്റ്റാൻഡ്, ബാങ്ക് റോഡ് പരിസരങ്ങളിലുള്ള വ്യാപാരികളാണ് കന്നുകാലികൾ മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
രാവിലെ പാൽകറന്ന ശേഷം പശുക്കളെ നഗരത്തിന്റെ പൊതുഇടങ്ങളിലേക്ക് ഉടമകൾ തുറന്നുവിടുകയാണ്. അലക്ഷ്യമായി തുറന്നുവിടുന്നത് ഇവയുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. ചില നാൽക്കാലികൾ പ്ലാസ്റ്റിക് കവറുകൾ തിന്നുന്നതും പതിവാണ്. കന്നുകാലികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പകർച്ച വ്യാധികളെ പ്രതിരോധിക്കാനും കർഷകർ ജാഗ്രത പുലർത്തണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശത്തിന് പുല്ലുവിലയാണ് നൽകുന്നത്.
നേരത്തേ ചൂണ്ടിക്കാട്ടി
കേരള കൗമുദി
നഗരത്തിലെ കന്നുകാലി ശല്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 9ന് സമഗ്രമായ റിപ്പോർട്ടാണ് കേരള കൗമുദി പ്രസിദ്ധീകരിച്ചത്. കന്നുകാലി ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവാത്തതും ചൂണ്ടിക്കാട്ടിയിരുന്നു.
അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടികൂടി കോർപറേഷൻ
നഗരനിരത്തുകൾ കന്നുകാലികൾ കീഴടക്കിയതോടെ പിടിച്ചുകെട്ടാൻ നടപടിയുമായി കണ്ണൂർ കോർപറേഷൻ. നഗരത്തിലും സമീപപ്രദേശങ്ങളിലുമായി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ 4 വലിയ പശുക്കളെയും ഒരു കിടാവിനെയും പിടികൂടി പാറക്കണ്ടിയിലെ പോണ്ടിൽ എത്തിച്ചു. മേയറുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച രാത്രി 10.30 മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4.30 മണി വരെ നീണ്ട പരിശോധനയിലാണ് കണ്ണൂർ സിറ്റി, നീർച്ചാൽ, മൈതാനപ്പള്ളി, തയ്യിൽ ഭാഗങ്ങളിൽ നിന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്നെത്തിയ സംഘം നാൽക്കാലികളെ പിടിച്ചു കെട്ടിയത്.
പശുക്കളെ പിടികൂടുന്നതിനുള്ള ചിലവും തീറ്റയുടെ ചിലവും ഉൾപ്പെടെയുള്ള പിഴത്തുക ഉടമകളിൽ നിന്നും ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ജിതേഷ് ഖാൻ, ഷഫീർ അലി, ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നാൽക്കാലികളെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു
(0)Comments