WE

Web Desk

ശില്പശാലയുടെ ഗുണഫലംജനങ്ങളിലെത്തണം

Image
മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും പങ്കെടുത്ത രണ്ടുദിവസത്തെ ശില്പശാല വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റിട്ട് നൂറുദിനം പിന്നിട്ടതേയുള്ളു. അതിന് മുമ്പ് എന്തിനിങ്ങനെ ഒരു ശില്പശാല എന്ന് സംശയിച്ചവരുണ്ടാകാം. ജനങ്ങളുടെ സർക്കാരിനോടുള്ള മനോഭാവത്തിലും പ്രതികരണത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. അതേപോലെ പൊതുജനത്തിന്റെ വികാരവിചാരങ്ങളും താത്‌പര്യങ്ങളും മനസിലാക്കുന്നതിൽ സർക്കാരിനും പുതിയ അളവുകോൽ വേണ്ടിവന്നിരിക്കുന്നു. എ.ഐയും സമൂഹമാദ്ധ്യമങ്ങളുടെ പെരുപ്പവും ജനങ്ങളുടെ ചിന്താഗതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ കാര്യം മുറപോലെ നടക്കും എന്ന ധാരണ മാറിവരുന്നു. സർക്കാർ കാര്യം മുറപോലെ നടന്നില്ലെങ്കിൽ നടത്തിക്കണം എന്ന ചിന്താഗതിയോടെ ജെൻസി തലമുറയും സജീവമാണ്. എല്ലാ തലമുറയെയും അവരുടെയെല്ലാം അഭിരുചികളെയും പരിഗണിച്ചുവേണം ഒരു ജനാധിപത്യ സർക്കാരിന് ഭരണം മുന്നോട്ടുകൊണ്ടുപോകാൻ. നിരന്തരം ശൈലിയിലും കാഴ്ചപ്പാടുകളിലും നവീകരണം നടന്നാലേ ഭരണം ജനോപകാരപ്രദമാകൂ. ജനമനസ് വായിക്കുന്നതിൽ മുന്നിലുള്ള മുഖ്യമന്ത്രി ഇത്തരമൊരു ശില്പശാലയ്ക്കു പച്ചക്കൊടി കാണിച്ചത് ആ നിലയ്ക്കു വേണം കാണാൻ. രണ്ടുദിവസത്തെ ശില്പശാല തീരുമാനിച്ചപ്പോൾ ആദ്യം വലിയ ആശങ്കയായിരുന്നു. 'മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം തിരുവനന്തപുരത്തു നിന്നും രണ്ടുദിവസം മാറി നിൽക്കുകയെന്നത് പുതുതായി ചുമതലയേറ്റ സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തോന്നി"യെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആദ്യദിനം ക്ളാസ് കഴിഞ്ഞപ്പോൾ ശില്പശാലയുടെ ഗുണം ബോദ്ധ്യമായി. അഞ്ചുവർഷക്കാലത്തെ മുന്നോട്ടുപോക്കിന് ശില്പശാല ഏറെ ഗുണകരമായെന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു. ഭരണാധികാരികൾ എന്ന നിലയിൽ ജനങ്ങളോട് എങ്ങനെ ഇടപഴകണം, എന്താകണം മുൻഗണന ഒരു പ്രോജക്ട് നടപ്പിലാക്കാൻ തുടങ്ങി അനവധി കാര്യങ്ങളിൽ അറിവു നേടാനായി. വിദേശ മോഡലുകൾ പരിചയപ്പെടുത്തിയ യു.കെ, ജപ്പാൻ എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ ക്ളാസും ഗുണകരമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാല വികസന സാദ്ധ്യതകളും ഭാവി വെല്ലുവിളികളും ചർച്ചചെയ്യാനാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോട്ട് റീ ഇമാജിനേഷനിംഗ് കേരളം എന്ന ദ്വിദിന നേതൃ ശില്പശാല സംഘടിപ്പിച്ചത്. നിർമ്മിതബുദ്ധിയുടെ കാലത്തെ നേതൃത്വം, ജനജീവിതത്തിൽ സുസ്ഥിര മാറ്റങ്ങളുണ്ടാക്കാൻ വേണ്ട നയങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്ത നിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, കേരളത്തിന്റെ സാമ്പത്തിക - നൈപുണിക വികസനം, ഉന്നത വിദ്യാഭ്യാസത്തിലെ മികവ്, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്ന സാദ്ധ്യതകൾ എന്നിവയായിരുന്നു ശില്പശാലയിലെ വിഷയങ്ങൾ. ഐ.ഐ.എം അദ്ധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, ലണ്ടൻ കിംഗ്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരാണ് ശില്പശാലയിൽ സെഷനുകൾ നയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും ശില്പശാലയിൽ പങ്കെടുത്തു. 44 പേർക്ക് ഇരിക്കാവുന്ന ക്ളാസ് മുറിയിൽ പ്രൊജക്ടറും ഡിസ്‌പ്ളേ ബോർഡും ആധുനിക എ.ഐ സംവിധാനങ്ങളും ഉണ്ടായിരുന്നു. ആധുനിക കാലത്തെ ജനാധിപത്യ ഭരണക്രമങ്ങളെയും കാഴ്ചപ്പാടുകളെയും നവീകരിക്കാൻ ഈ ശില്പശാലയ്ക്കു കഴിയുമെന്ന് കരുതാം. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്ന പല കാര്യങ്ങളും ഭരണത്തിരക്കിൽ വിട്ടുപോകുകയോ മറന്നുപോകുകയോ ചെയ്യാം. അതിനൊരു മാറ്റം വരുത്താൻ ഇത്തരം ക്ളാസുകൾ ഉപകരിക്കും. ജനാധിപത്യം പൂത്തുലയുന്നതിനു മുമ്പ് രാജഭരണമായിരുന്നു. രാജ്യത്ത് നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ടത് പ്രജാക്ഷേമതല്പരരും ദീർഘദർശികളുമായ മഹാരാജാക്കൻമാരായിരുന്നു. അവർ ഇപ്പോഴും ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രജകളെ മറന്ന് സ്വന്തം ക്ഷേമവും താത്‌പര്യവും മാത്രം നോക്കി ഭരിച്ചവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെട്ടു. നാടിന്റെ വികസനവും ക്ഷേമവും ജനങ്ങളുടെ ജീവിതപുരോഗതിയും ചിന്തിച്ചു ഭരിക്കുന്നവർക്ക് ആശയ നവീകരണത്തിനും പുതിയ വികസന സങ്കല്പങ്ങൾക്കും ഇത്തരം ശില്പശാലകൾ സഹായിക്കും. പല സർക്കാരുകളും കൈയടികൾക്കും പബ്ളിസിറ്റിക്കുമായി പലതും ചെയ്തുകൂട്ടാറുണ്ട്. പുറംതൊലി വെളുപ്പിച്ചതുകൊണ്ടു മാത്രം ജനങ്ങൾ ഭരണത്തിനു മാർക്കിടില്ല. അതിന് ഭരണത്തിന്റെ സമ്പൂർണാരോഗ്യം കൈവരണം. അതിന്റെ ഗുണങ്ങൾ ജനങ്ങളിലെത്തുകയും വേണം.
ശില്പശാലയുടെ ഗുണഫലംജനങ്ങളിലെത്തണം
View on original source
Share
Archive
Like

(0)Comments

 

Related Opinion

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.