മമ്മൂട്ടി:വയസ്സിലൊതുക്കാനാകാത്ത താരശരീരം
''ഇന്നാൾ ഒരിക്കൽ എന്നോട് ഒരാൾ ചോദിച്ചു. ഈ കസേരയിൽ നിന്ന് മാറിക്കൊടുത്തുകൂടെ എന്ന്..ഞാനെന്തിന് മാറിക്കൊടുക്കെണം. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങൾക്ക് കസേര വേണമെങ്കിൽ വേറെ പണിഞ്ഞിട്ടിരിക്കണം. ജീവിതത്തിൻ്റെ നല്ല കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയിൽ ഞാനിരിക്കട്ടെ''. 2003ൽ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പങ്കുവെച്ച വാക്കുകളാണിവ.
ആ അഭിമുഖം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു. ദുരൂഹതയെ ശബ്ദത്തിലേക്ക് ആവാഹിച്ച് വന്യമായ ചിരിയോടെ കൊടുമൺ പോറ്റിയായി, മമ്മൂട്ടി ആ കസേരയിൽ ചാഞ്ഞിരിപ്പുണ്ട്.75 വയസ്സിൻ്റെ നിറവുമായി.സിനിമ ജീവിതത്തിൻ്റെ അഞ്ച് പതിറ്റാണ്ടിനിടെ മമ്മൂട്ടി എന്ന നടൻ പകർന്നാടിയ വേഷങ്ങളും സമീപകാല വേഷപ്പകർച്ചകളും കണ്ട് അതിശയിച്ച് നിന്നവരാണ് മലയാളി സിനിമ ലോകം.
മമ്മൂട്ടി: വയസ്സിലൊതുക്കാനാകാത്ത താരശരീരം.
ജോർജ്ജ് ബർണാഡ് ഷായുടെ പ്രശസ്തമായ വാചകമുണ്ട്: "We don't stop playing because we grow old; we grow old because we stop playing." "നമ്മൾ പ്രായമാകുന്നതുകൊണ്ട് കളിക്കുന്നത് നിർത്തുകയല്ല, മറിച്ച് കളി നിർത്തുന്നതുകൊണ്ടാണ് നമ്മൾ പ്രായമാകുന്നത്." മമ്മൂട്ടി ഒരു മാന്ത്രികനെപ്പോലെ വേഷപ്പകർച്ചയിലൂടെ കൂടുവിട്ട് കൂടുമാറിക്കൊണ്ടേയിരിക്കുന്നു; വിശ്രമമില്ലാതെ. അതിനായി സ്വയം പുതുക്കി െവള്ളിത്തിരയിലെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു ശാസ്ത്രജ്ഞനെപ്പോലെ. 28ാം വയസ്സു മുതല്‍ 75ാം വയസ്സുവരെയുള്ള 47 വര്‍ഷക്കാലം എല്ലാ വര്‍ഷങ്ങളിലും മുടക്കമില്ലാതെ അഭിനയിച്ച ഏക ഇന്ത്യന്‍ നായക നടനാണ് മമ്മൂട്ടി.
ഇടവേളകളില്ലാത്ത അഭിനയം... മമ്മൂട്ടിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ. രാകി മിനുക്കിയെടുത്ത് തിളക്കം വർധിപ്പിച്ചെടുത്ത അഭിനയ ശേഷി. മമ്മൂട്ടി എന്ന മഹാനടനിലേക്കുള്ള പരിണാമ യാത്രയാണത്. 1984 ,1985,1986 കാലഘട്ടങ്ങളിൽ ശരാശരി 34 സിനിമകളിൽ വരെ പ്രധാന വേഷത്തിൽ ഓരോ വർഷവും അഭിനയിച്ചുവെന്ന റെക്കോർഡ് ഇന്നും ചരിത്രമാണ്. ഒരേസമയം കലയുടെയും കച്ചവടത്തിന്റെയും അളവുകോലുകളിൽ മലയാള സിനിമയുടെ അനിവാര്യതയായി മമ്മൂട്ടി എന്ന പ്രതിഭ അപരാജിതനായി തുടരുന്നു. കെ.ജി ജോർജിന്റെയും ഐ.വി ശശിയുടെയും സിനിമകളിൽ അഭിനയിച്ച് കരിയറിന്റെ തുടക്കം പടുത്തുയർത്തിയ ആ സിനിമ തെരഞ്ഞെടുപ്പിൻ്റെ ദ്വന്ദ സമീപനം തന്നെയാണ് അദ്ദേഹത്തെ മലയാള സിനിമകളിലെ അനിവാര്യ സിനിമ ശരീരമായി നിലനിറുത്തുന്നതും.
ഉന്മാദമാണ് മമ്മൂട്ടിക്ക് സിനിമ
സിനിമ കണ്ടു തുടങ്ങിയ കുഞ്ഞുനാള്‍ മുതല്‍ സിരകളില്‍ പടര്‍ന്നുകയറിയ ഉന്മാദമാണ് മമ്മൂട്ടിക്ക് സിനിമ. സിനിമയില്‍ ആളുകള്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഒരു നടനാവണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ആദ്യമായി മമ്മൂട്ടി നാടകത്തില്‍ അഭിനയിക്കുന്നത് ചന്തിരൂര്‍ സ്‌കൂളില്‍ വെച്ചായിരുന്നു. സ്ത്രീവേഷം കെട്ടിയായിരുന്നു തുടക്കം. ആ മുഖം തിരശ്ശീലയില്‍ പതിഞ്ഞത് 1971ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന പ്രശസ്ത ചിത്രത്തിൽ. കെ.ജി.ജോര്‍ജിന്റെ മേള എന്ന ചിത്രവും പി.ജി.വിശ്വംഭരന്റെ സ്‌ഫോടനം എന്ന ചിത്രവും വഴിത്തിരിവായി. അങ്ങനെയിരിക്കെയാണ് ഐ.വി.ശശിയുടെ 'തൃഷ്ണ'യിൽ കൃഷ്ണദാസായി നായകവേഷം കിട്ടുന്നത്.
എന്നാൽ മമ്മൂട്ടിയിലെ നടനെ അടയാളപ്പെടുത്താന്‍ കെ.ജി. ജോര്‍ജ് വേണ്ടി വന്നു. യവനിക എന്ന കള്‍ട്ട് ക്ലാസിക്ക് ചിത്രത്തിലെ പൊലീസ് ഓഫീസര്‍ കഥാപാത്രത്തിന് മമ്മൂട്ടി തന്റേതായ ടച്ച് നല്‍കി. അദ്ദേഹത്തിൻ്റെ ശബ്ദവും ശരീരഭാഷയിലെ പൗരുഷവും പക്വമായ പെര്‍ഫോമിംഗ് സ്‌റ്റൈലും നന്നായി ഉപയോഗപ്പെടുത്തിയ ആ കഥാപാത്രം സിനിമയ്‌ക്കൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടു. പി.ജി.വിശ്വംഭരൻ്റെ തന്നെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്' എന്ന ചിത്രം ഹിറ്റായ ശേഷം മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സിനിമ പെരുപ്പുകളുടെ 80കൾ
'അതിരാത്രം' എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ 'താരാദാസ്' എന്ന ഉജ്ജ്വലകഥാപാത്രം നല്‍കിക്കൊണ്ട് ഐ.വി.ശശി മമ്മൂട്ടി സൂപ്പർ താര പദവിയിലേക്ക് ബ്രേക്ക് നൽകി..'ആവനാഴി' എന്ന സിനിമയിലെ ക്ഷുഭിതനായ പൊലീസ് ഓഫീസര്‍ മമ്മുട്ടിയുടെ കരിയര്‍ മാറ്റിമറിച്ചു. പ്രവാസി മലയാളികൾ നാട്ടിലത്തിച്ച വിസിആർ, വിസിപി വിപ്ലവങ്ങളും ദൂരദർശനിലെ ഞായറാഴ്ച പടങ്ങളും മമ്മൂട്ടിയെ എൺപതുകളിലെ കുടുംബ പ്രേക്ഷകരുടെ പ്രിയ നടനാക്കി മാറ്റി. മതിലുകൾ , ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകളിലൂടെ ലഭിച്ച ദേശീയ പുരസ്കാരങ്ങൾ മമ്മൂട്ടിപ്പെരുമയെ കേരളത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് കടത്തി.
80കളുടെ അവസാനത്തിൽ തമിഴ്, ഹിന്ദി സിനിമകളിൽ അരങ്ങേറ്റം നടത്തി..അമരവും വിധേയനും പൊന്തൻമാടയും ഭൂതക്കണ്ണാടിയും സൃഷ്ടിച്ച സൂക്ഷ്മാഭിനയത്തിന്റെ മാസ്മരിക ലോകവും ദ കിങ്ങും ഹിറ്റ്ലറും വല്യേട്ടനും പോലുള്ള ത്രസിപ്പിക്കുന്ന സിനിമാനുഭവങ്ങളും പകർന്നുനൽകിയത് തൊണ്ണൂറുകളാണ്... ഒരേ സമയം ഭാസ്കരൻ പട്ടേലരിലെ അധികാര രൂപവും പൊന്തൻമാടയിലെ അടിയാള വേഷവും പകർന്നാടിയതിന്റെ അംഗീകാരമായിരുന്നു അക്കാലത്ത് ലഭിച്ച രണ്ടാമത് ദേശീയ പുരസ്കാരം..
കച്ചവട-കലാമൂല്യ സിനിമകളുടെ തെരഞ്ഞെടുപ്പ്
2000 മുതൽ 2020 വരെയുള്ള രണ്ട് ദശാബ്ദം വാണിജ്യവിജയങ്ങളുടെയും കലാമൂല്യമുള്ള അഭിനയമുഹൂർത്തങ്ങളുടെയും മികച്ച സന്തുലനം കൊണ്ട് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമാർന്ന കാലഘട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
പരീക്ഷണാത്മക വേഷങ്ങൾ, പുതിയ തലമുറ സംവിധായകർക്കൊപ്പമുള്ള കൂട്ടുകെട്ടുകൾ, ശക്തമായ ബോക്സ് ഓഫീസ് വിജയങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ കാലഘട്ടമായിരുന്നു അത്. കാഴ്ച', , 'ഡാനി', 'കേരളവർമ്മ പഴശ്ശിരാജ', 'പാലേരി മാണിക്യം, 'കുട്ടിസ്രാങ്ക്, 'മുന്നറിയിപ്പ്' തുടങ്ങി തമിഴിൽ 'പേരൻമ്പ് വരെയുള്ള ചലചിത്രങ്ങൾ മമ്മൂട്ടി എന്ന നടന്റെ അതിസൂക്ഷ്മ അഭിനയത്തെ പ്രേക്ഷകരിലെത്തിച്ചു. രാജമാണിക്യം', 'തൊമ്മനും മക്കളും','പോക്കിരിരാജ തുടങ്ങി നിരവധി മുഖ്യധാര സിനിമകളിലൂടെ മാസ്-എന്റർടെയ്നർ നായകനായും ബോക്സ് ഓഫീസിൽ ഇക്കാലത്ത് അദ്ദേഹം തിളങ്ങിനിന്നു.
വയസ്സലൊതുക്കാനാകാത്ത നടന ശരീരം
പ്രതിബിംബക്കെണിയിൽ അകപ്പെടാതിരിക്കാനുള്ള കരുതലുകൾ മമ്മൂട്ടിയുടെ കരിയറിലുടനീളം കാണാം. ദുർബലനും നിസ്സഹായനുമായ മനുഷ്യന്റെ നിശ്ശബ്ദമായ നിലവിളികൾക്കു ചെവിയോർത്തുകൊണ്ട് ഭൂതക്കണ്ണാടിയിലും 'തനിയാവർത്തന'ത്തിലും പേരൻപിലും പൊന്തൻമാട'യിലും ഡാനിയിലും നടത്തിയ പകർന്നാട്ടങ്ങൾ ഒരു വശത്തും വിധേയനിലും പാലേരി മാണിക്യത്തിലും പുഴുവിലും ഭ്രമയുഗത്തിലും കളങ്കാവലിലും നാം കണ്ട ദുര മൂത്ത പുരുഷാകാരങ്ങൾ മറുവശത്തുമായി അഭിനയത്തിൻ്റെ രണ്ടുപാതി, മമ്മൂട്ടി നമുക്ക് മുമ്പിൽ തുറന്നുവെച്ചിട്ടുണ്ട്.
സുന്ദരക്കുട്ടപ്പനായി മാത്രം നാം കണ്ടിരുന്ന അതേ മമ്മൂട്ടി തൻ്റെ കഥാപാത്രത്തിൻ്റെ പൂര്‍ണ്ണതക്കായി വിരൂപനായി ഇമേജ് പൊളിച്ചെഴുതാനും മടിച്ചില്ല. 'പൊന്തന്‍മാട'യും 'മൃഗയ'യും 'സൂര്യമാനസ'വുമെല്ലാം ഈ അഭിനയത്തിന്റെ ആദ്യകാല ഉദാഹരണങ്ങളാണ്. പ്രമേയത്തിലെ ധീരമായ പരീക്ഷണങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മമ്മൂട്ടിയുടെ സമീപകാല വേഷപ്പകർച്ചകൾ മലയാള സിനിമയ്ക്ക് നൽകിയ പുത്തനുണർവ് ചെറുതല്ല.സ്വവർഗപ്രണയത്തിലും ജാതിവെറിയിലും കുടുങ്ങുന്നവനായും ചാത്തനായും ദുരാത്മാക്കളെ വേട്ടയാടുന്നയാളായും മാറി മമ്മൂട്ടി തെരഞ്ഞെടുത്ത അഭിനയത്തിന്റെ വ്യത്യസ്തമായ അഭിനയ സാധ്യതകൾ വിസ്മയകരമാണ്.
കഥാപാത്രം ക്ലാസ് ടച്ചുള്ളതായാലും സമകാലികതയുള്ളതായാലും പരകായപ്രവേശത്തിന്റെ അദ്ഭുതവിദ്യകള്‍ അനായാസമാണ് അദ്ദേഹത്തിന്. കഥാസന്ദര്‍ഭത്തിനനുസരിച്ച് ആ ഭൂമികയില്‍ അലിഞ്ഞുചേർന്ന് അവരുടെ ഭാഷ സംസാരിച്ച് തദ്ദേശവാസിയാവാൻ ആ മഹാനടന് തെല്ലും വിഷമമില്ല. അഞ്ചര പതിറ്റാണ്ടുകൾ. നാനൂറിൽപ്പരം സിനിമകൾ. എന്നിട്ടും റിലീസ് ദിനങ്ങളിൽ തിയറ്റർ നിറയ്ക്കുന്ന കൗമാര യൗവനങ്ങൾക്ക് മമ്മൂട്ടിയോടുള്ള ആരാധനക്ക് ഒട്ടും കുറവില്ല. മാറുന്ന കാലത്തിനനുസരിച്ച് സ്വയം പുതുക്കിയെടുത്തതാണ് ഈ നടനശരീരം എന്നതുതന്നെയാണ് അതിന് കാരണം. കൂടാതെ സിനിമകളുടെ തെരഞ്ഞെടുപ്പും അതിലെടുക്കുന്ന റിസ്കിനും തുല്യപ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ വയസ്സ് എന്നത് കേവലം നമ്പർ മാത്രമാണ് എന്ന സ്ഥിരം പറച്ചിൽ ശരിയാണ്.
(0)Comments