ഡ സ ക

സ്‌മാർട്ട്‌ മീറ്റർ; സർക്കാർ നയം സുപ്രധാനം

Image
സംസ്ഥാനത്ത്‌ രണ്ടാംഘട്ടമായി 50 ലക്ഷം കെഎസ്‌ഇബിയുടെ സ്‌മാർട്ട്‌ വൈദ്യുതി മീറ്റർ സ്ഥാപിക്കാനുള്ള ടെണ്ടർ തുറന്നിരിക്കുന്നു. ഒന്നാംഘട്ടത്തിലെ പ്രധാന കരാറുകാരായ ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസ് അടങ്കൽ തുകയായ 2,385 കോടി രൂപയേക്കാൾ 41.34 ശതമാനം കുറഞ്ഞ നിരക്കിലാണ് ക്വാട്ട് ​ചെയ്തിട്ടുള്ളത്. ടെണ്ടറിലെ ഏറ്റവും കുറഞ്ഞ ഈ ക്വാട്ട് അനുസരിച്ച് ഏകദേശം 2800 രൂപയ്‌ക്ക്‌ ഒരു സ്‌മാർട്ട്‌ മീറ്ററും അനുബന്ധ സോഫ്റ്റ്‌വെയറുകളും പരിപാലനവും ലഭിക്കും. പദ്ധതിക്കായി രംഗത്തുണ്ടായിരുന്ന അദാനി എനർജി സൊലൂഷൻസ് 10–ാം സ്ഥാനത്താണ്‌. ഏറെ കാലമായി വിവാദ വിഷയമായിട്ടുള്ള സ്മാർട്ട് മീറ്ററിന്റെ ആദ്യഘട്ടമായി സർക്കാർ ഓഫീസുകളിലും മറ്റുമായി മൂന്നു ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള മുഴുവൻ തുക ടെണ്ടർ ലഭിക്കുന്ന കമ്പനി മുടക്കുന്ന രീതി ഒഴിവാക്കി കെഎസ്ഇബി മുതൽമുടക്കുന്ന നടത്തിപ്പ് രീതിയായിരുന്നു കഴിഞ്ഞ ഇടതുസർക്കാർ സ്വീകരിച്ചത്. കിഫ്ബി വായ്പ ലഭിക്കു​മെന്ന് പ്രതീക്ഷിച്ചിരുന്നു​വെങ്കിലും അത് നടന്നില്ല. കേന്ദ്ര സബ്സിഡിക്ക് പുറമെ വലിയ 2000 കോടിയോളം തുകയുടെ സർക്കാർ നിക്ഷേപം ആവശ്യമുള്ള ഈ നടത്തിപ്പ് മാതൃകയോട് ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന് അത്ര മതിപ്പില്ല. കൂടാതെ കിഫ്ബി വായ്പ പദ്ധതിയെപ്പറ്റി ഇനി ചിന്തിക്കാനും വഴിയില്ല. ഈ സാഹചര്യത്തിൽ സ്മാർട്ട് മീറ്റർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നയം അതിപ്രധാനമാണ്. ഒരുപക്ഷേ ഇ​പ്പോഴത്തെ നടത്തിപ്പ് രീതി ഒഴിവാക്കി പൂർണമായും സ്വകാര്യകമ്പനികളെ ഏൽപ്പിക്കുന്ന, കേന്ദ്രം നിര്‍ദേശിക്കുന്ന അതേ ടോട്ടെക്സ് മാതൃകയിലേക്ക് സംസ്ഥാനത്തെ സ്മാർട്ട് മീറ്റർ നടത്തിപ്പ് മാറ്റിയേക്കും എന്ന സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്മാർട്ട്മീറ്റർ പദ്ധതിയിൽ തിരിച്ചുപോക്കോ​? സാധാരണ മീറ്ററുകളെ പോലെ വൈദ്യുതി അളക്കുന്നതിനൊപ്പം വൈദ്യുതിയെ നിയന്ത്രിക്കാനുള്ള സംവിധാനം കൂടിയുള്ളതാണ് സ്മാർട്ട് മീറ്റർ. അതിനാൽ സംസ്ഥാനത്തെ ഊർജ ഭാവിക്ക് അത് അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് സ്മാർട്ട്മീറ്റർ പദ്ധതി കൊണ്ടുവരുന്നത്. 2028ൽ പൂർത്തിയാക്കുന്ന സ്മാർട്ട്മീറ്റർ പദ്ധതി വൈദ്യുതി വിതരണ രംഗത്തെ നഷ്ടം കുറക്കുന്നതിനായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയായ ആർ.ഡി.എസ്.എസ് എന്ന റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീമിന്റെ ഭാഗമായി വരുന്നതാണ്. വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള തുകയുടെ 60 ശതമാനവും സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിന്റെ 15 ശതമാനവും അതായത് പരമാവധി 900 രൂപയുടെ കേന്ദ്ര സബ്സി‍ഡി ആണ് ലഭിക്കുക. കേന്ദ്രം എംപാനൽ ചെയ്ത സ്വകാര്യകമ്പനികളെ പദ്ധതി ഏൽപിക്കുന്നതിലാണ് ഇടതുസംഘടനകൾക്കുണ്ടായിരുന്ന പ്രധാന എതിർപ്പ്. 2023 ഡിസംബറിനുള്ളിൽ സ്മാർട്ട് മീറ്ററിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും രണ്ട് വർഷത്തിലേറെ വൈകിയാണ് അത് പൂർത്തിയാക്കിയത് ടോട്ടെക്സും കാപെക്സും സംസ്ഥാനത്തെ സ്മാർട്ട് മീറ്റർ വിവാദങ്ങൾ വേരുറപ്പിക്കുന്നത് അതിന്റെ നടത്തിപ്പ് രീതി എങ്ങിനെ വേണം എന്നുള്ളതിലാണ്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് വേണ്ടി വരുന്ന തുക പൂർണമായി ടെണ്ടർ ലഭിക്കുന്ന കമ്പനി തന്നെ മുടക്കുകയും, നിശ്ചിത കാലയളവിലേക്ക് മീറ്ററും അനുബന്ധ സൗകര്യങ്ങളും സ്ഥാപിച്ചു പരിപാലിച്ചു കാലാവധി തീരുന്ന മുറക്ക് കെ എസ് ഈ ബി ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് ടോട്ടൽ എക്സ്പെൻഡിച്ചർ അഥവാ TOTEX. കേന്ദ്ര സർക്കാർ സ്മാർട്ട്മീറ്റർ പദ്ധതി നടപ്പാക്കാൻ നിർദേശിക്കുന്ന മാതൃകയാണിത്. എന്നാൽ സ്വകാര്യവൽക്കരണ സ്വഭാവമുള്ളതാണ് കേന്ദ്ര സർക്കാരിന്റെ TOTEX മാതൃക എന്ന് ആരോപിച്ചാണ് ബദലായി സംസ്ഥാന സർക്കാർ Capital Expenditure അഥവാ CAPEX മാതൃക മുന്നോട്ടുവെച്ചത്. ഈ രീതിയിൽ സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള മുഴുവൻ മൂലധന ചെലവും സ്വകാര്യ ഏജൻസികളെ ഒഴിവാക്കി കെ.എസ്.ഇ.ബിയോ സംസ്ഥാന സർക്കാരോ നേരിട്ട് വഹിക്കും. അതിനാൽ, മീറ്ററിന്റെ വിലയും പ്രവർത്തനച്ചെലവും പ്രതിമാസ വാടകയായി ഈടാക്കുന്ന വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നും സാധാരണ ഉപഭോക്താക്കളെ സംരക്ഷിക്കാനാകും. ഉപഭോക്താക്കളുടെ വിവര ചോർച്ച തടയാനും വൈദ്യുതി വിതരണ മേഖലയിലേക്കുള്ള സ്വകാര്യ കുത്തകകളുടെ കടന്നുകയറ്റം ഒഴിവാക്കാനും ഈ പൂർണ്ണ പൊതുമേഖലാ മാതൃക സഹായിക്കും എന്നൊക്കെ ആയിരുന്നു അവകാശവാദം. ആദ്യഘട്ടത്തിൽ ടോട്ടെക്സ് മാതൃകയിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ​ശേഷമായിരുന്നു വിവാദങ്ങൾക്കൊടുവിൽ കാപെക്സ് നടത്തിപ്പ് നടപടികളി​ലേക്ക് കെ.എസ്.ഇ.ബി കടന്നത്. മൂന്നുലക്ഷം മീറ്ററുകൾ സർക്കാർ ഓഫിസുകളിൽ സജ്ജമാക്കി ആദ്യഘട്ടം പൂർത്തീകരിക്കുകയും ചെയ്തു. ആശങ്കയുടെ രണ്ടാംഘട്ടം രണ്ടാം ഇടതുസർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്മാർട്ട്മീറ്ററിനായി കിഫ്ബി വായ്പ ലഭിക്കാനുള്ള നടപടികളുമായി ​കെഎസ്ഇബി മുന്നോട്ടുപോകുന്നത്. എന്നാൽ സർക്കാർ ഗ്യാരണ്ടി നിൽക്കുന്നതുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾ കാരണം നടപടികൾ സ്തംഭിച്ചു. പിന്നീട് വന്ന യുഡിഎഫ് സർക്കാർ സ്മാർട്ട്മീറ്റർ നടപടികളിൽ നാളിതുവരെ വ്യക്തമായ തീരുമാനവും എടുത്തതുമില്ല. 2026 മെയ് 15നാണ്‌ രണ്ടാംഘട്ടത്തിനുള്ള സാങ്കേതിക ബിഡ് തുറന്നത്‌. പിന്നീട് സാമ്പത്തിക ബിഡ്‌ തുറക്കുന്നത്‌ സെപ്‌തംബറിലേക്ക്‌ നീളുകയായിരുന്നു..അതായത് വായ്പ സംബന്ധിച്ച് വ്യക്തമായി ധാരണ വരുത്താതെയാണ് ​കെഎസ്ഇബി ടെണ്ടർ നടപടികളിലേക്ക് കടന്നതെന്ന് വ്യക്തം. ആകെ ചെലവിന്റെ 15 ശതമാനം സബ്സിഡിയാണ് കേ​​ന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാകുക. ആ സബ്സിഡി ​കേന്ദ്രം നി​ർശേിക്കാത്ത കാപെക്സ് രീതിയിൽ നടപ്പാക്കുന്നതിന് ലഭിക്കു​മോ എന്നതിൽ വ്യക്തതയും വന്നിട്ടില്ല. കിഫ്ബിയെ ഒഴിവാക്കിയാൽ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള വായ്പകളെയാണ് ​കെഎസ്ഇബിക്ക് ഇനി ആശ്രയിക്കാനുള്ളത്. അതിന് സംസ്ഥാന ​വൈദ്യുതി റഗുലേറ്റി കമീഷന്റെ അംഗീകാരം ആവശ്യമാണ്. അതിനേക്കാളുപരി 2000 കോടിയോളം രൂപയുടെ ബാധ്യതക്ക് മുതിരണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ കൂടെ സമ്മതവും ആവശ്യമാണ്. എന്നാൽ കെഎസ്ഇബിയിലെ ഇടതുസംഘടനകളുടെ പിടിവാശിയിലാണ് ഇപ്പോഴത്തെ നടത്തിപ്പ് രീതി തുടരുന്നത് എന്ന അഭിപ്രായമുള്ള ​ഭരണകക്ഷി യൂനിയനുകളും നേതാക്കളും നിലവിലെ നടത്തിപ്പ് രീതി തുടരാൻ പച്ചക്കൊടി കാട്ടു​മോ എന്നതിൽ ഇടതുസംഘടനകൾക്ക് ആശങ്കയുണ്ട്. എ​ന്തൊക്കെയാണെങ്കിലും തുടർനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായ ഘട്ടമെത്തിയിരിക്കുന്നു. സർക്കാരിന് ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം എടക്കേണ്ടിവരും. അല്ലെങ്കിൽ തുടർ ടെണ്ടർ നടപടികൾ സ്വീകരിച്ചില്ല എന്നതിൽ നിയമനടപടി ഉൾപ്പെ​ടെ നേരിടേണ്ടതായി വന്നേക്കും.
സ്‌മാർട്ട്‌ മീറ്റർ; സർക്കാർ നയം സുപ്രധാനം
View on original source
Share
Archive
Like

(0)Comments

 

Related Opinion

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.