കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വികസന വെല്ലുവിളികളിലൊന്നാണ് മാലിന്യനിർമാർജനം. എന്നാൽ, കേരളത്തിന്റെ അടുത്ത സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ഏറ്റവും വലിയ അവസരങ്ങളിലൊന്നും അതുതന്നെയാണ്. ഒരുകാലത്ത് ശുചിത്വത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും പ്രശ്നമായി മാത്രം കണക്കാക്കിയിരുന്ന മാലിന്യം ഇന്ന് വിഭവസുരക്ഷ, ഹരിത വ്യവസായം, തൊഴിൽസൃഷ്ടി, നഗരവികസനം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര സമ്പദ്‌വ്യവസ്ഥ എന്നിവയുടെ കേന്ദ്രവിഷയമായി മാറിയിരിക്കുകയാണ്.
ലോകം 'Take–Make–Dispose' എന്ന രേഖീയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 'Reduce–Reuse–Recycle–Recover' എന്ന സർക്കുലർ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുമ്പോൾ, കേരളവും 'Waste to Wealth' എന്ന പരമ്പരാഗത ആശയത്തെ മറികടന്ന് 'Waste to Value Economy' എന്ന പുതിയ വികസന മാതൃകയിലേക്ക് നീങ്ങേണ്ട സമയമാണിത്.
കേരളം ഇന്ന് പ്രതിദിനം ഏകദേശം 10,000 ടൺ മുനിസിപ്പൽ ഖരമാലിന്യം ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ്. നഗരവത്കരണം, ഉപഭോഗശീലങ്ങളിലെ മാറ്റം, ഇ-കൊമേഴ്‌സിന്റെ വളർച്ച, പ്ലാസ്റ്റിക് പാക്കേജിങ്ങിന്റെ വർധിച്ച ഉപയോഗം എന്നിവ കാരണം ഈ അളവ് വരുംവർഷങ്ങളിൽ ഇനിയും ഉയരാനിടയുണ്ട്. ഈ മാലിന്യത്തെ വെറും ശേഖരിച്ച് സംസ്കരിക്കേണ്ട ബാധ്യതയായി കാണാതെ, വ്യവസായങ്ങളുടെ അസംസ്കൃത വസ്തുവായും ഊർജസ്രോതസ്സായും പുതിയ തൊഴിൽ മേഖലകളുടെ അടിസ്ഥാനമായും മാറ്റാൻ കഴിഞ്ഞാൽ, കേരളത്തിന്റെ അടുത്ത ഹരിത വ്യവസായ വിപ്ലവത്തിന് അത് ശക്തമായ അടിത്തറയാകും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മാലിന്യനിർമാർജന രംഗത്ത് കേരളം ഇന്ത്യയിൽ തന്നെ വ്യത്യസ്തമായ ഒരു വികേന്ദ്രീകൃത മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതകർമസേന, മാലിന്യമുക്ത നവകേരളം കാമ്പയിൻ എന്നിവയുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ വീടുതോറുമുള്ള ശേഖരണം, ഉറവിടത്തിൽ തന്നെ മാലിന്യ വേർതിരിക്കൽ, പ്രാദേശിക സംസ്കരണം എന്നിവ പ്രായോഗികമാക്കിയ സംസ്ഥാനമായി കേരളം മാറി.
ഇന്ന് 1,100-ത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ഹരിതകർമസേന പ്രവർത്തിക്കുന്നതോടൊപ്പം 78 ലക്ഷത്തിലധികം വീടുകളിലും ലക്ഷക്കണക്കിന് സ്ഥാപനങ്ങളിലും അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണ സംവിധാനം നിലവിലുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വികേന്ദ്രീകൃത മാലിന്യ ശേഖരണ ശൃംഖലകളിലൊന്നായി മാറിയിരിക്കുന്നു.
ഈ മാറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് ഹരിതകർമസേന. 37,000ൽ അധികം സ്ത്രീകൾ പങ്കാളികളായ ഈ സംരംഭം ഇന്ന് ശുചിത്വപ്രവർത്തനം മാത്രമല്ല, വനിതാ സംരംഭകത്വത്തിന്റെയും പ്രാദേശിക സാമ്പത്തിക ശാക്തീകരണത്തിന്റെയും മികച്ച മാതൃക കൂടിയാണ്. അജൈവ മാലിന്യ ശേഖരണം, യൂസർ ഫീസ് സമാഹരണം, പുനരുപയോഗ ഉൽപന്നങ്ങളുടെ നിർമാണം എന്നിവയിലൂടെ മാലിന്യത്തെ സാമൂഹികവും സാമ്പത്തികവുമായ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഹരിതകർമസേനക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ മാതൃകയുടെ സാമ്പത്തിക സ്ഥിരതയെ കൂടുതൽ ശക്തിപ്പെടുത്തുന്ന മറ്റൊരു സുപ്രധാന നേട്ടമാണ് ഉപയോക്തൃ ഫീസ് ശേഖരണത്തിലെ വർധന. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഹരിതകർമസേന ശേഖരിച്ച ഉപയോക്തൃ ഫീസ് 2022-23-ൽ 29.52 കോടി രൂപയായിരുന്നത് 2023-24-ൽ 46.23 കോടിയായും, 2024-25-ൽ 63.05 കോടിയായും, 2025-26-ൽ 66.40 കോടിയായും ഉയർന്ന് നാല് വർഷത്തിനിടെ ആകെ 205.20 കോടി രൂപ ആയി.
ഏകദേശം 2.8 ലക്ഷം ടൺ അജൈവ മാലിന്യം ഹരിതകർമസേന ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വീടുകളിൽ നിന്നുള്ള സ്ഥിരമായ ഉപയോക്തൃ ഫീസ് ശേഖരണം, തദ്ദേശ സ്ഥാപനങ്ങളുടെ സജീവ ഇടപെടൽ, ഹരിതകർമസേനയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവ ചേർന്ന് മാലിന്യസംസ്കരണത്തെ സർക്കാർ ധനസഹായത്തെ മാത്രം ആശ്രയിക്കുന്ന സേവനമല്ലാതെ, ക്രമേണ സാമ്പത്തികമായി സ്വയംപര്യാപ്തവും ജനപങ്കാളിത്തം അധിഷ്ഠിതവുമായ ഒരു പൊതുസേവന മാതൃകയാക്കി മാറ്റുകയാണ്.
ഇവിടെ നിന്നാണ് കേരളത്തിന്റെ അടുത്ത വലിയ ചുവടുവെപ്പ് ആരംഭിക്കേണ്ടത്. ശേഖരണം വിജയകരമായി നടത്തുന്നതിൽ നിന്ന് മാലിന്യത്തിൽ നിന്ന് ഉയർന്ന സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നതിലേക്ക് നാം മാറണം. അതാണ് യഥാർത്ഥ 'Waste to Value Economy'.
ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സംസ്ഥാനത്തിന്റെ പുതിയ മാലിന്യനയത്തിന് നിർണായക പ്രാധാന്യമുണ്ട്. മാലിന്യശേഖരണവും സംസ്കരണവും മാത്രമല്ല, റീസൈക്ലിങ്, ഉത്തരവാദിത്തം, നിയമാനുസൃത പാലനം, നിരീക്ഷണം, വ്യവസായ പങ്കാളിത്തം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയപരമായ സമീപനമാണ് ഇനി ആവശ്യം.
പുതിയ നയപരമായ നീക്കങ്ങളിൽ റീസൈക്ലിങ് സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ വിഭാഗങ്ങളിലെ മാലിന്യത്തിന്റെ സംസ്കരണവും പുനരുപയോഗവും കർശനമായ compliance സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ Extended Producer Responsibility (EPR) കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതും, നിർമാതാക്കളും ബ്രാൻഡ് ഉടമകളും തങ്ങളുടെ ഉൽപന്നങ്ങളിൽ നിന്ന് ഉണ്ടാകുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതും നിർണായകമാണ്.
ഇത് നടപ്പാക്കുന്നതിൽ ഡിജിറ്റൽ ട്രാക്കിങ്, രജിസ്ട്രേഷൻ, ശേഖരണ-റീസൈക്ലിങ് ഡാറ്റ, പരിശോധന, ഉത്തരവാദിത്ത നിർണയം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാലിന്യത്തിന്റെ യാത്ര 'വീട്ടിൽനിന്ന് ശേഖരണ കേന്ദ്രത്തിലേക്ക്, അവിടെ നിന്ന് റീസൈക്ലിങ് യൂനിറ്റിലേക്ക്, ഒടുവിൽ പുതിയ ഉൽപന്നത്തിലേക്ക്' എന്ന രീതിയിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സുതാര്യമായ സംവിധാനം കേരളത്തിന് വികസിപ്പിക്കാനായാൽ, മാലിന്യനിർമാർജന രംഗത്തെ വിശ്വാസ്യതയും വ്യവസായ സാധ്യതയും ഒരുപോലെ ഉയരും.
അതുകൊണ്ട് പുതിയ നയത്തെ ഒരു 'waste management policy' എന്നതിൽ മാത്രം ഒതുക്കാതെ 'resource management and circular economy policy' എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് ഉയർത്തേണ്ടതുണ്ട്.
ഈ പുതിയ സമ്പദ്‌വ്യവസ്ഥയുടെ ആദ്യ സ്തംഭം, ജൈവമാലിന്യ സമ്പദ്‌വ്യവസ്ഥയാണ്. കേരളത്തിലെ മുനിസിപ്പൽ ഖരമാലിന്യത്തിന്റെ വലിയൊരു പങ്കും ജൈവമാലിന്യമാണ്. വീടുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷ്യവിതരണ ശൃംഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഈ മാലിന്യം കമ്പോസ്റ്റ്, ബയോഗ്യാസ്, ബയോ-CNG, ജൈവവളം എന്നിവയായി മാറ്റാൻ കഴിഞ്ഞാൽ നഗരങ്ങൾ ഉപഭോഗകേന്ദ്രങ്ങൾ മാത്രമല്ല, വിഭവങ്ങളും ഊർജവും ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളായും മാറും.
നിലവിലുള്ള ഗാർഹിക കമ്പോസ്റ്റിങ് യൂനിറ്റുകൾ, പൊതുകമ്പോസ്റ്റിങ് സംവിധാനങ്ങൾ, ബ്ലാക്ക് സോൾജിയർ ഫ്ലൈ സാങ്കേതികവിദ്യ, ബയോഗ്യാസ് പദ്ധതികൾ എന്നിവയെ കൂടുതൽ കാര്യക്ഷമമായ വിപണി ശൃംഖലയുമായി ബന്ധിപ്പിക്കണം. ജൈവവളം, ബയോ-CNG, കാർബൺ കുറക്കൽ തുടങ്ങിയവക്ക് സാമ്പത്തികമൂല്യം സൃഷ്ടിക്കാനായാൽ മാലിന്യസംസ്കരണം തന്നെ ഗ്രാമീണ-നഗര സമ്പദ്‌വ്യവസ്ഥകൾക്ക് പുതിയ വരുമാന സ്രോതസ്സായി മാറും.
രണ്ടാമത്തെ പ്രധാന സാധ്യത പ്ലാസ്റ്റിക് സർക്കുലർ സമ്പദ്‌വ്യവസ്ഥയാണ്. പ്ലാസ്റ്റിക് മാലിന്യത്തെ റീസൈക്കിൾ ചെയ്ത അസംസ്കൃത വസ്തുവാക്കി റോഡ് നിർമാണം, നിർമാണ സാമഗ്രികൾ, ഫർണിച്ചർ, വ്യാവസായിക ഗ്രാന്യൂൾസ്, 3D പ്രിന്റിങ് ഫിലമെന്റുകൾ തുടങ്ങിയ ഉൽപന്നങ്ങളാക്കി മാറ്റാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രമങ്ങൾ നടക്കുന്നു.
കേരളത്തിലെ ഓരോ ജില്ലയിലും 'Plastic Circular Economy Park' പോലുള്ള സംയോജിത സംവിധാനങ്ങൾ വികസിപ്പിച്ച് ശേഖരണം, തരംതിരിക്കൽ, shredding, processing, recycling, പുതിയ ഉൽപന്ന നിർമാണം എന്നിവ ഉൾപ്പെടുന്ന സമ്പൂർണ മൂല്യശൃംഖല സൃഷ്ടിക്കാൻ കഴിഞ്ഞാൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വലിയ അവസരങ്ങൾ തുറക്കും.
ഇവിടെ പുതിയ മാലിന്യനയത്തിലെ EPR സംവിധാനവും നിർണായകമാകും. ഉൽപന്നം വിപണിയിൽ എത്തിക്കുന്ന ഘട്ടത്തിൽ തന്നെ അതിന്റെ ജീവിതാവസാനത്തിലെ മാലിന്യത്തിന് ഉത്തരവാദിത്തം നിർവചിക്കപ്പെടുന്ന രീതിയിലേക്ക് നീങ്ങണം. അങ്ങനെ ചെയ്താൽ മാലിന്യശേഖരണത്തിന് സ്ഥിരമായ സാമ്പത്തിക പിന്തുണ ലഭിക്കുകയും റീസൈക്ലിങ് വ്യവസായങ്ങൾക്ക് ആവശ്യമായ feedstock ഉറപ്പാക്കുകയും ചെയ്യും.
അതിലും വലിയ സാധ്യതകളാണ് ഇ-മാലിന്യ മേഖല തുറന്നുകൊടുക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ബാറ്ററികൾ, സൗരോർജ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ഇ-മാലിന്യവും വർധിക്കുകയാണ്.
എന്നാൽ, ഈ മാലിന്യത്തിൽ സ്വർണം, വെള്ളി, ചെമ്പ്, ലിഥിയം, കോബാൾട്ട് തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ലോകം ഇന്ന് 'Urban Mining' എന്ന ആശയത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിനും ശാസ്ത്രീയമായ ഇ-മാലിന്യ റീസൈക്ലിങ് വ്യവസായങ്ങൾ വികസിപ്പിക്കാനുള്ള സമയമാണിത്.
ഇത് പരിസ്ഥിതി സംരക്ഷണത്തിന്റെ മാത്രം വിഷയമല്ല. ഉയർന്ന സാങ്കേതികവിദ്യ, ലോഹവീണ്ടെടുപ്പ്, battery recycling, refurbishment, repair, remanufacturing തുടങ്ങിയ മേഖലകളിൽ പുതിയസംരംഭങ്ങളും ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കാനുള്ള സാധ്യതയാണിത്.
നിർമാണ-പൊളിക്കൽ അവശിഷ്ടങ്ങളുടെ പുനരുപയോഗവും കേരളം ഗൗരവമായി പരിഗണിക്കേണ്ട മേഖലയാണ്. കോൺക്രീറ്റ്, ഇഷ്ടിക, കല്ല്, ഇരുമ്പ് തുടങ്ങിയ നിർമാണ മാലിന്യങ്ങളെ പേവർ ബ്ലോക്കുകൾ, റോഡ് നിർമാണ സാമഗ്രികൾ, recycled aggregates, പ്രീകാസ്റ്റ് ഉൽപന്നങ്ങൾ എന്നിവയായി മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യകൾ ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
കേരളത്തിന്റെ വേഗത്തിലുള്ള നഗരവത്കരണവും നിർമാണ മേഖലയിലെ വളർച്ചയും കണക്കിലെടുക്കുമ്പോൾ Construction and Demolition Waste ഒരു വലിയ പ്രശ്നമാകുന്നതിന് മുമ്പ് തന്നെ അതിനെ ഒരു വ്യവസായ feedstock ആയി പരിഗണിക്കേണ്ടതുണ്ട്. സിംഗപ്പൂർ, നെതർലൻഡ്സ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്ന് കേരളത്തിന് പഠിക്കാനാകും.
ഭാവിയിലെ Waste to Value Economy ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി ചേർന്നായിരിക്കും പ്രവർത്തിക്കുക. Artificial Intelligence ഉപയോഗിച്ച് മാലിന്യ ഉൽപാദനം പ്രവചിക്കുക, IoT അധിഷ്ഠിത smart bins സ്ഥാപിക്കുക, GPS അടിസ്ഥാനത്തിലുള്ള ശേഖരണ സംവിധാനം വികസിപ്പിക്കുക, ഓരോ ഉൽപന്നത്തിനും Digital Material Passport സൃഷ്ടിക്കുക തുടങ്ങിയ സംവിധാനങ്ങൾ വിഭവനിർവഹണം കൂടുതൽ കാര്യക്ഷമമാക്കും.
ഹരിതമിത്രം ആപ്, വാർ റൂം പോർട്ടൽ, ഡിജിറ്റൽ മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഈ ദിശയിലുള്ള കേരളത്തിന്റെ ആദ്യ ചുവടുകളാണ്. അടുത്ത ഘട്ടത്തിൽ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു State Circular Economy Data Platform വികസിപ്പിക്കാം. ഓരോ തദ്ദേശസ്ഥാപനത്തിലും എത്ര മാലിന്യം ശേഖരിച്ചു, എത്ര റീസൈക്കിൾ ചെയ്തു, എത്ര പുനരുപയോഗിച്ചു, എത്ര landfill-ലേക്ക് പോയി എന്നതിന്റെ തത്സമയ ഡാറ്റ ലഭ്യമാകുന്ന സംവിധാനം നയരൂപീകരണത്തിനും വ്യവസായ നിക്ഷേപത്തിനും സഹായിക്കും.
എന്നാൽ, സാങ്കേതികവിദ്യ മാത്രം മതിയാകില്ല; ശക്തമായ പൊതുനയങ്ങളും അതിനൊപ്പം ആവശ്യമാണ്. Extended Producer Responsibility (EPR) കർശനമായി നടപ്പാക്കുക, Deposit Refund System സംസ്ഥാന വ്യാപകമാക്കുക, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും Resource Recovery Parks സ്ഥാപിക്കുക, Repair Economy പ്രോത്സാഹിപ്പിക്കുക, സർവകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന Circular Economy Innovation Fund രൂപീകരിക്കുക തുടങ്ങിയ നടപടികൾ ഈ മേഖലയുടെ വളർച്ചക്ക് അനിവാര്യമാണ്.
അതോടൊപ്പം പുതിയ മാലിന്യനയത്തിൽ ഊന്നൽ നൽകുന്ന recycling-ഉം compliance-ഉം ഫലപ്രദമായി നടപ്പാക്കാൻ വ്യക്തമായ ഉത്തരവാദിത്തം, ഡിജിറ്റൽ നിരീക്ഷണം, ഡാറ്റ അധിഷ്ഠിത പരിശോധന, നിയമലംഘനങ്ങൾക്കെതിരായ ശക്തമായ നടപടി, അംഗീകൃത റീസൈക്ലിങ് ശൃംഖലയുടെ വികസനം എന്നിവ ഉറപ്പാക്കണം.
മാലിന്യത്തിൽ നിന്ന് പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുന്ന ഗവേഷണങ്ങൾക്കും ഹരിത സംരംഭങ്ങൾക്കും ധനസഹായവും വിപണി പിന്തുണയും നൽകേണ്ടതുണ്ട്. സർക്കാർ തന്നെ recycled products-ന്റെ ഒരു വലിയ ഉപഭോക്താവായി മാറുന്ന Green Public Procurement സംവിധാനം വികസിപ്പിച്ചാൽ ഈ വിപണിക്ക് തുടക്കത്തിൽ തന്നെ ഉറപ്പുള്ള demand സൃഷ്ടിക്കാനാകും.
സർക്കുലർ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ നേട്ടം പരിസ്ഥിതി സംരക്ഷണം മാത്രമല്ല; പുതിയ വ്യവസായങ്ങളും ആയിരക്കണക്കിന് ഹരിത തൊഴിലവസരങ്ങളും സൃഷ്ടിക്കാനുള്ള കഴിവാണ്. യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ recycling, remanufacturing, repair economy എന്നിവയെ അടിസ്ഥാനമാക്കി ശക്തമായ വ്യവസായ ശൃംഖലകൾ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിനും സമാനമായ മാതൃക പിന്തുടരാൻ കഴിയും.
ഹരിതകർമസേന, സ്റ്റാർട്ടപ്പുകൾ, സ്വയംസഹായ സംഘങ്ങൾ, കർഷകർ, ഗവേഷണ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന സമഗ്രമായ ഒരു Green Value Chain സൃഷ്ടിക്കാൻ കഴിഞ്ഞാൽ മാലിന്യനിർമാർജനം ഒരു ചെലവല്ല, പുതിയ സമ്പദ്‌വ്യവസ്ഥയുടെ നിക്ഷേപമായി മാറും.
ഇവിടെ ഹരിതകർമസേനയെ വെറും മാലിന്യശേഖരണ തൊഴിലാളികളുടെ ശൃംഖലയായി കാണാതെ, ഭാവിയിലെ community-level resource management entrepreneurs ആയി വികസിപ്പിക്കേണ്ടതുണ്ട്. പരിശീലനം, സാങ്കേതികവിദ്യ, ധനസഹായം, വിപണി ബന്ധം, മൂല്യവർധിത ഉൽപന്ന നിർമാണം എന്നിവയിലൂടെ ഈ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താം.
2050-ലെ കേരളത്തിന്റെ ലക്ഷ്യം 'മാലിന്യമുക്ത സംസ്ഥാനം' എന്നതിൽ മാത്രം ഒതുങ്ങരുത്; 'മാലിന്യത്തിൽനിന്ന് മൂല്യസൃഷ്ടി നടത്തുന്ന സമ്പദ്‌വ്യവസ്ഥ' ആയിരിക്കണം. അപ്പോൾ മാലിന്യം തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ ബാധ്യതയല്ല, മറിച്ച് വ്യവസായത്തിന്റെയും ഗവേഷണത്തിന്റെയും നവസംരംഭങ്ങളുടെയും വനിതാ സംരംഭകത്വത്തിന്റെയും ഹരിത തൊഴിലവസരങ്ങളുടെയും പുതിയ അസംസ്കൃത വസ്തുവായിരിക്കും.
കേരളം ഇതിനകം തന്നെ മാലിന്യശേഖരണത്തിലും വികേന്ദ്രീകൃത സംവിധാനങ്ങളിലും ശക്തമായ അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്. പുതിയ നയപരമായ നീക്കങ്ങൾ ആ അടിത്തറയെ recycling, compliance, producer responsibility, resource recovery, green industry എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമാണ്. ഇനി വേണ്ടത് മാലിന്യത്തിന്റെ അളവ് കുറക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഒതുങ്ങുന്ന ഭരണപരമായ സമീപനമല്ല. ഓരോ ടൺ മാലിന്യത്തിൽനിന്നും എത്ര മൂല്യം സൃഷ്ടിക്കാം എന്നതാണ് അടുത്ത ചോദ്യം.
ലോകം കാർബൺ-ന്യൂട്രൽ വികസന മാതൃകയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ കേരളം 'Waste to Value Economy' വിജയകരമായി നടപ്പാക്കിയാൽ, അത് ഇന്ത്യയുടെ സർക്കുലർ സമ്പദ്‌വ്യവസ്ഥക്ക് മാതൃകയാകുക മാത്രമല്ല, സുസ്ഥിരവികസനത്തിന്റെ പുതിയ ചരിത്രവും രചിക്കും. മാലിന്യം ഇനി അവസാനിക്കുന്നിടമല്ല കേരളത്തിന്റെ ലക്ഷ്യം; പുതിയ സാമ്പത്തിക മൂല്യം ആരംഭിക്കുന്നിടമാണ്.
(0)Comments